ഒളിവിലായിരുന്ന സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയില്‍….
വെള്ളറട: മുണ്ടേല രാജീവ് ഗാന്ധി റസിഡൻ്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ ( 62 )മരിച്ച നിലയില്‍ കണ്ടെത്തി. സഹകരണ ബാങ്കിലെ ക്രമക്കേട് പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്നു. ബുധനാഴ്ച രാവിലെ അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെ ന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രശ്നത്തിലുള്ള പല സഹകരണ ബാങ്കുകള്‍ക്ക് സമാനമായി മുണ്ടേല വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ബാങ്കിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു.
പല കേസുകളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. നിക്ഷേപകര്‍ പണം ചോദിച്ചിട്ടും കൊടുക്കുന്നില്ലെന്ന പരാതിയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ സമരം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് ഒളിവില്‍ പോയത്. സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നതി നിടെയാണ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്‍ജിഒ അസോസിയേഷന് മുന്‍ സംസ്ഥാന നേതാവും കോണ്‍ഗ്രസിന്റെ രണ്ടു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാണ് മുണ്ടേല മോഹനന്. മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ 24 കോടി രൂപയുടെ അഴിമതി കണ്ടെത്തിയി രുന്നു. ഇടപാടുകാരുടെ പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. അരുവിക്കര പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരണസമിതി തട്ടിയെടുത്തെന്നാണ് പരാതി. 2004ല്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണുള്ളത്.13 അംഗഭരണസമിതിയാണ് സംഘത്തിലു ണ്ടായിരുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പണം നഷ്ടമായ നിക്ഷേപകര്‍ പലരും പൊലീസില്‍ പരാതി നല്കി. സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിച്ചിരുന്നു.
മുണ്ടേല മോഹനനെതിരെ അരുവിക്കര പോലീസ് രണ്ടാം പ്രതിയാക്കി മുപ്പതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പറയുന്നു. പോലീസ് കേസുകള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് മോഹനന് ഏറെ നാളായി ഒളിവില്‍ കഴിയുകയായിരുന്നു. മോഹനന്റെ അനുജന് ജയചന്ദ്രന് കൊണ്ട കെട്ടി അടിവാരത്തില്‍ നാല് ഏക്കര്‍ സ്ഥലത്തില്‍ ഒരു റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. റിസോര്‍ട്ട് ഇപ്പോള്‍ മേലാദായത്തിനായി മധു എന്ന ആളിന് 10 വര്‍ഷത്തേക്ക് കൈമാറ്റം നടത്തിയിട്ടുണ്ട്. റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്നു മുണ്ടേല കൃഷ്ണകൃപയില്‍ എം മോഹനന് രാവിലെ ജീവനക്കാര്‍ കാപ്പിയുമായി എത്തിയപ്പോഴാണ് മോഹനനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളറട പോലീസ് തുടർ നടപടികള്‍ സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു. മോഹനൻ്റെ പക്കല്‍ നിന്നും ഒരു ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടബാധ്യതയ്ക്ക് കാരണം ആറംഗ സംഘമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഭാര്യ സുധാദേവി. മക്കള്‍. കൃപ, കൃഷ്ണ. മരുമകന് വിഷ്ണു.




