മരത്തിന്റെ കൊമ്പ് വെട്ടിമാറ്റുന്നതിനിടെ യന്ത്രവാള്‍ ദേഹത്തുകൊണ്ടു..തൊഴിലാളിക്ക് ദാരുണാന്ത്യം…
യന്ത്രവാൾ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു.പാലക്കാട് അമ്പലപ്പാറ അംബേദ്കർ കോളനി റോഡ് കുറുപ്പത്ത് കുണ്ടിൽ ചന്ദ്രൻ (55)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം ഉണ്ടായത്.അറവക്കാടുള്ള സ്വകാര്യ വളപ്പിൽ മുറിച്ചിട്ട മരത്തിന്റെ കൊമ്പ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു സംഭവം.ചന്ദ്രന്റെ ദേഹത്ത് അബദ്ധത്തിൽ യന്ത്രവാൾ കൊള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ വലത്ത് ഭാഗത്ത് സാരമായി മുറിവേറ്റ ചന്ദ്രനെ ഉടൻ തന്നെ അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു.ഇവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കും മാങ്ങ പറിക്കുന്നതിനും പോയിരുന്ന ചന്ദ്രൻ കുറച്ചു കാലമായി മരപ്പണി ചെയ്ത് വരികയായിരുന്നു.



