ബംഗ്ലാദേശിൽ വീണ്ടും കലാപം..പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊട്ടാരം വളഞ്ഞു…
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗാ ബബൻ വളഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർഥി പ്രതിഷേധ സംഘം അഞ്ച് ആവശ്യങ്ങൾ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ആവശ്യം പ്രസിഡന്റിന്റെ രാജിയായിരുന്നു.
തുടർന്ന് സെൻട്രൽ ഷഹീദ് മിനാറിൽ പ്രതിഷേധം അരങ്ങേറി. രാത്രിയോടെ ബംഗാ ബബനിലേക്ക് പ്രതിഷേധക്കാർ നീങ്ങുകയായിരുന്നു. സൈന്യം ബാരിക്കേഡുകൾ വെച്ച് പ്രതിഷേധക്കാരെ തടഞ്ഞു. ശൈഖ് ഹസീനയുടെ ചങ്ങാത്ത മുതലാളിത്ത സർക്കാറിന്റെ പ്രസിഡന്റാണ് ഇപ്പോൾ അധികാരത്തിലുള്ളതെന്നും അയാൾ ഉടൻ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ പരാമർശങ്ങളാണ് നിലവിലുള്ള വിവാദത്തിന് കാരണം. ശൈഖ് ഹസീന രാജിവെച്ചുവെന്നത് തനിക്ക് കേട്ടുള്ള അറിവ് മാത്രമാണെന്നും അവരുടെ രാജിക്ക് തന്റെ കൈവശം തെളിവുകളൊന്നും ഇല്ലെന്നായിരുന്നു ബംഗ്ലാദേശ് പ്രസിഡന്റിന്റെ പരാമർശം. ഇതിന് പിന്നാലെ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.




