ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാൻ വയ്യ..മക്കള്‍ക്കൊപ്പം യുവതി കിണറ്റിൽ ചാടി..യുവതിയെ രക്ഷിച്ചു..നാല് കുട്ടികൾക്ക് ദാരുണാന്ത്യം…
ആത്മഹത്യശ്രമത്തിനിടെ അമ്മയ്‌ക്കൊപ്പം കിണറ്റില്‍ ചാടിയ നാല് കുട്ടികള്‍ മരിച്ചു.അമ്മയെ രക്ഷപെടുത്തി.ഇന്ന് രാവിലെ ആറുമണിയോടെയാണ് യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയിലെ ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലായിരുന്നു സംഭവം. അരവിന്ദ് (11), അനുഷ (9), ബിട്ടു (6), കാര്‍ത്തിക് (3) എന്നിവരാണ് മരിച്ചത്.ഇവരുടെ അമ്മ സുഗ്‌ന ബായി (40) ആശുപത്രിയിൽ ചികിത്സയിലാണ് .
ഇന്നലെ വൈകീട്ട് ഭര്‍ത്താവ് റോഡ് സിങ്ങില്‍ നിന്ന് സുഗ്‌നയ്ക്ക് മര്‍ദനമേറ്റതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.തുടര്‍ന്ന് മക്കളെയും കൂട്ടി വീടുവിട്ട് സുഗ്‌ന സമീപത്തെ സ്‌കൂളില്‍ അഭയം പ്രാപിച്ചു.സ്‌കൂളില്‍ രാത്രി തങ്ങിയ ശേഷമാണ് കുട്ടികള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ യുവതി തീരുമാനിച്ചത്.കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.