നൈറ്റ് കഫേയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ..പ്രധാന പ്രതി പിടിയിൽ…
പാലാരിവട്ടം സ്റ്റോറി ബോക്സ് നൈറ്റ് കഫേയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ‘ബ്ലാക്ക് സ്ക്വാഡ്’ അംഗം മെന്റൽ യൂസഫ് പിടിയിലായി. കാക്കനാട്ടെ നൈറ്റ് കഫേകളിൽ വന്നു പോകുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത് .എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തൃക്കാക്കരയിൽ വച്ച് യൂസുഫിനെ പിടികൂടിയത്.
ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.യൂസഫ് ഒഴികെ രണ്ടുസംഘത്തിലെയും പ്രതികളെ പൊലീസ് നേരുത്തെ പിടികൂടിയിരുന്നു .കേസുകളിലകപ്പെട്ടാൽ പൊലീസ് പിടിയിലാകാതെ ഒളിവിലിരുന്ന് ജാമ്യം തേടുകയോ കേസ് ഒത്തുതീർപ്പാക്കുകയോ ആണ് യൂസഫിന്റെ രീതി. ഇതേസമയം കാക്കനാട്, കളമശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള നൈറ്റ് കഫേകളിൽ ഒത്തുചേരുന്ന ക്രിമിനൽ സംഘങ്ങൾ ‘ബ്ലാക്ക് സ്ക്വാഡ്’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളതായും പൊലീസ് കണ്ടെത്തി. അതിലെ അംഗമാണ് യൂസഫ്. ഈ ഗ്രൂപ്പിന്റെ അഡ്മിനും സംഘാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.