വാച്ച് മോഷണം ആരോപിച്ച് 12കാരന് ക്രൂരമർദ്ദനം

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കൊടുവള്ളി കിഴക്കോത്ത് താമസിക്കുന്ന കുട്ടിയെ പിതാവിന്റെ സഹോദരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.

വായിൽ തുണി തിരുകി കമ്പികൊണ്ട് മർദ്ദിച്ചെന്നും കാലിലെ വിരലുകളിലും കൈയിലെ മൂന്ന് വിരലുകളിലും ഈർക്കിൽ കുത്തിക്കയറ്റിയെന്നും കുട്ടിയുടെ സഹോദരൻ പറയുന്നു. മുറിവുകളിൽ നാരങ്ങാനീരും ഉപ്പും പുരട്ടിയെന്നും കണ്ണിൽ മുളക് തേച്ചെന്നും പരാതിയുണ്ട്. മർദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ടതായും കുട്ടി സഹോദരനോട് പറഞ്ഞതായി കുടുംബം വ്യക്തമാക്കി. വാച്ച് മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്യാനെന്ന പേരിലാണ് വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ തിരിച്ചയച്ചില്ല. അടുത്ത ദിവസവും മോഷണം സമ്മതിച്ചില്ലെങ്കിൽ ബ്ലേഡ് കൊണ്ട് മുറിക്കുകയും മുറിവിൽ മുളകുപൊടി തേക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞതായി സഹോദരൻ വ്യക്തമാക്കി. അതിനിടെ, കാണാതായെന്ന് ആരോപിച്ച വാച്ച് പിന്നീട് പള്ളിയിൽനിന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മർദ്ദനത്തിന് പിന്നാലെ കുട്ടി വീട്ടിൽനിന്ന് രക്ഷപ്പെട്ട് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

എന്നാൽ സ്റ്റേഷനിലെത്തിയ കുട്ടിയെ മർദ്ദിച്ചവരോടൊപ്പം തന്നെ പൊലീസ് തിരിച്ചയച്ചെന്നാണ് സഹോദരന്റെ ആരോപണം. പിതാവിനെയാണ് പൊലീസ് ആദ്യം വിളിച്ചുവരുത്തിയതെന്നും പിന്നീട് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് മൂത്താപ്പയും ഭാര്യയും മകനുമാണെന്നും കുടുംബം പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രതികൾ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. കേസ് പിൻവലിച്ചാൽ സൈക്കിൾ വാങ്ങിനൽകാമെന്നും പണം ഉൾപ്പെടെ എന്ത് വേണമെങ്കിലും നൽകാമെന്നും പറയുന്ന സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Related Articles

Back to top button