ശുചിമുറി മാലിന്യ പൈപ്പിൽ പൊട്ടിത്തെറി..വിസർജ്യത്തിൽ കുളിച്ച് കാൽനടയാത്രക്കാരും വാഹനങ്ങളും….
ശുചിമുറി മാലിന്യം കൊണ്ടുപോകുന്ന കൂറ്റൻ പൈപ്പിൽ വൻ പൊട്ടിത്തെറി. ഇതോടെ, മനുഷ്യ വിസർജ്യം ഏറെ ദൂരത്തേക്ക് വരെ തെറിച്ചുവീണു. കാറുകൾ ഉൾപ്പെടെ വാഹനങ്ങളും നിരത്തും വിസർജ്യത്താൽ നിറഞ്ഞു. കാൽനടക്കാരുടെയും ബൈക്ക് യാത്രികരുടെയും മേൽ മാലിന്യം വീണു. പൊട്ടിത്തെറിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ചൈനയിലെ നാന്നിങ്ങിലാണ് റോഡിന്‍റെ നടുവിലൂടെ പോകുന്ന പൈപ്പ് പൊട്ടിത്തെറിച്ചത്. 33 അടി ഉയരത്തിൽ വരെ വിസർജ്യം പൊട്ടിത്തെറിച്ചു.കാൽനടയാത്രക്കാരുടെ തല മുതൽ കാൽ വരെ മനുഷ്യ വിസർജ്യം കൊണ്ട് മൂടിയ അവസ്ഥയായി മാറി. പൈപ്പ് പൊട്ടുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്. നിർമാണത്തൊഴിലാളികൾ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പിൽ പ്രെഷര്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പൈപ്പ് പൊട്ടിത്തെറിച്ച് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുടർന്ന് വൻ ശുചീകരണ പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തിയത്. എന്നാൽ, നിർമാണത്തിനിടെയുണ്ടായ അബദ്ധം മൂലമാണ് പൊട്ടലുണ്ടായതെന്ന റിപ്പോർട്ടുകൾ നാനിംഗ് മുനിസിപ്പൽ അധികൃതർ നിഷേധിച്ചു. വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം നാശമായെന്നാണ് പലരും പരാതിപ്പെടുന്നത്.




