രണ്ട് പെൺകുട്ടികളും രണ്ട് യുവാക്കളും… സംശയകരമായ സാഹചര്യത്തിൽ പള്ളി പരിസരത്ത്….
കടുത്തുരുത്തി: സംശയകരമായ സാഹചര്യത്തിൽ കമിതാക്കളെ പള്ളി പരിസരത്ത് കണ്ടെത്തി. പള്ളി ഭാരവാഹികളെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയതോടെ രണ്ട് യുവാക്കളും ഒരു പെൺകുട്ടിയും ബസിൽ കയറി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.
ഇന്നലെ ഉച്ചയോടെ ടൗണിനു സമീപമുള്ള പള്ളി പരിസരത്താണ് സംഭവം. രണ്ട് പെൺകുട്ടികളെയും രണ്ട് യുവാക്കളെയും സംശയകരമായി കണ്ടതോടെ പള്ളി ഭാരവാഹികൾ എത്തി. ഇതോടെ നാല് പേരും പള്ളി പരിസരത്തു നിന്നും റോഡിലിറങ്ങി ഐടിസി ജംക്ഷൻ ഭാഗത്തേക്ക് ഓടി. പൊലീസിനെ കണ്ടതോടെ ഒരു പെൺകുട്ടിയും രണ്ട് യുവാക്കളും ബസിൽ കയറി പോയി.
ഏതാനും ദിവസം മുൻപ് പള്ളി പരിസരത്തു നിന്നും ഒരു പെൺകുട്ടിയുടെ മൊബൈൽ ഫോൺ പള്ളി അധികൃതർക്ക് ലഭിച്ചിരുന്നു. ഇത് തിരികെ വാങ്ങാൻ പെൺകുട്ടി പത്തോളം ആൺ സുഹൃത്തുക്കളുമായാണ് എത്തിയത്. എന്നാൽ പള്ളി ഭാരവാഹികൾ ഫോൺ രക്ഷിതാവിന് കൈമാറുകയായിരുന്നു. പ്രണയ കുരുക്കിലാക്കി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശികളായ നാല് യുവാക്കളെ പൊലീസ് ഏതാനും ദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. ഈ സംഭവത്തിനു ശേഷം പെൺകുട്ടികളെ കടത്തുന്നതും ആയി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നു.