പന്തളം കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
കോഴഞ്ചേരി: പന്തളം കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടിട്ടുണ്ടായ പ്രശ്നങ്ങൾ പന്തളം കൊട്ടാരത്തിന്റെ ശബരിമലയിലെ ആധിപത്യം നിലനിർത്താനുള്ള കുതന്ത്രങ്ങളുടെ ഭാഗം എന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പത്തനംതിട്ട അയിരൂരിൽ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. പാർട്ടി മെമ്പറും പഴയ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പന്തളം രാജാവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം നൽകാത്തതിന്റെ വിരോധത്തിന്റെ പേരിൽ ചങ്ങനാശ്ശേരിയുമായി ചേർന്ന് ഉണ്ടാക്കിയ നാടകങ്ങളാണ് പ്രശ്നങ്ങൾക്ക് പിന്നിൽ. എല്ലാ ജാതിമത വിഭാഗങ്ങൾക്കും കടന്നു ചെല്ലാൻ കഴിയുന്ന ക്ഷേത്രമാണ് ശബരിമലയെങ്കിൽ മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം എന്തിന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 96% ജോലികളും സവർണർകാണെന്നും ജാതി വിവേചനം ആണ് ജാതി ചിന്ത ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.