കാമുകിക്കൊപ്പം ഒളിച്ചോടി… തിരികെയെത്തിയ ഭർത്താവിനെ സ്വീകരിക്കാൻ തയ്യാറാകാതെ ഭാര്യ….
കാമുകിക്കൊപ്പം ഒളിച്ചോടിയ ശേഷം തിരികെയെത്തിയ ഭർത്താവിനെ സ്വീകരിക്കാൻ തയ്യാറാകാതെ ഭാര്യ. കാമുകിയുടെ ജീവിതശൈലിയും ആഢംബരവും താങ്ങാനാകുന്നില്ലെന്ന് പറഞ്ഞാണ് ഭർത്താവ് തിരിച്ചെത്തിയത്. ഭാര്യ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഭർത്താവ്. എങ്ങനെയെങ്കിലും ഭാര്യയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നെ സ്വീകരിക്കാൻ സമ്മതിപ്പിക്കണം എന്നാണ് ആവശ്യം.
കഴിഞ്ഞ വർഷമാണ് ഭർത്താവ് വിവാഹിതയായ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായത്. വാട്സ്ആപ്പിലൂടെ ഇരുവരും ചാറ്റിങ്ങും ആരംഭിച്ചു. രണ്ട് മാസങ്ങൾക്കു മുൻപാണ് ഭർത്താവ് ഈ സ്ത്രീക്കൊപ്പം ഒളിച്ചോടിയത്. തന്റെ ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അച്ഛൻ ഡൽഹിയിൽ ഒരു ഒദ്യോഗിക ആവശ്യത്തിന് പോയിരിക്കുകയാണെന്നാണ് മക്കളോട് പറഞ്ഞിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകുകയായിരുന്നു. കാമുകിക്കൊപ്പം പോയത് ഒരു ദുർബല നിമിഷത്തിൽ തനിക്ക് സംഭവിച്ചു പോയ തെറ്റാണെന്നു പറഞ്ഞ ഭർത്താവ് എങ്ങനെയെങ്കിലും തന്നെ സ്വീകരിക്കാനും ദാമ്പത്യബന്ധം തുടരാനും ഭാര്യയെ പറഞ്ഞു മനസിലാക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.
ആഢംബര ജീവിതശൈലി നയിക്കുന്ന ആളാണ് കാമുകിയെന്നും അവളുടെ പ്രഭാതഭക്ഷണം മുതൽ രാത്രി വരെയുള്ള ചെലവുകൾക്കായി തനിക്ക് 10 ലക്ഷം രൂപ ലോൺ എടുക്കേണ്ടി വന്നെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. ഈ സാമ്പത്തിക ബാധ്യത താങ്ങാനാകാത്തതിനാലാണ് തിരിച്ചെത്തിയതെന്നും ഭർത്താവ് പൊലീസിനെ അറിയിച്ചു. വീട്ടിലെ മുതിർന്നവർ വഴി ഭാര്യയെ ഇക്കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ദാമ്പത്യ ജീവിതം തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ തന്റെ കൂടെ തുടർന്ന് ജീവിക്കാൻ ഭാര്യ വിസമ്മതിച്ചുവെന്നും ഇയാൾ പറഞ്ഞു. ദമ്പതികളെ കൗൺസിലിങ്ങിന് അയക്കാനുള്ള ശ്രമം നടത്തി വരികയാണ് പൊലീസ്. ഹൈദരാബാദിലെ കുകത്ത്പള്ളിയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഇരുവരും ഉദ്യോഗസ്ഥർ ആണെന്നും ഇവർക്ക് രണ്ട് മക്കൾ ഉണ്ടെന്നും പൊലീസ് പറയുന്നു.