അയൽവാസിയുടെ തെങ്ങിൽ നിന്നും തേങ്ങ വീണു നാശ നഷ്ടം ഉണ്ടാവുകയാണെങ്കിൽ? എന്ത് ചെയ്യണമെന്ന് അറിയാമോ?
കുര്യൻ മാഷ് റിട്ടയേർഡ് അദ്ധ്യാപകനാണ്. ശാന്തശീലൻ… നാട്ടുകാർക്കിടയിൽ മതിപ്പുള്ള വ്യക്തിത്വം.അയൽവാസിയായ തോമസിന്റെ രണ്ടു തെങ്ങിൽ നിന്നുമുള്ള തേങ്ങ പതിക്കുന്നത് മാഷിന്റെ വീട്ടുവളപ്പിലുള്ള കാർ ഷെഡ്‌ഡിന്റെ മുകളിലാണ്. കിണറ്റിലും വീഴും. കാർ ഷെഡ്‌ഡിന്റെ മുകളിൽ പിടിപ്പിച്ചിരിക്കുന്ന ഷീറ്റുകൾക്ക് സ്ഥിരം കെടുപാടുകൾ.നിരന്തര ശല്യമായപ്പോൾ പഞ്ചായത്ത് മെമ്പർ മുഖേന തോമസിന്റെ മുൻപിൽ വിഷയം അവതരിപ്പിച്ചു. തെങ്ങു വെട്ടികളയേണ്ടതില്ലായെന്നും, തേങ്ങ വീഴാതിരിക്കുവാനുള്ള സംവിധാനങ്ങൾ വച്ചുപിടിപ്പിച്ചാൽ മതിയെന്നും അഭ്യർത്ഥിച്ചെങ്കിലും അയൽവാസി ചെവികൊണ്ടില്ല.കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238 1(a) പ്രകാരംഏതെങ്കിലും മരമോ, മരത്തിന്റെ ഫലങ്ങളോ വ്യക്തികൾക്കോ മറ്റ് സ്ഥിരം ഘടനകൾക്കോ അപകടം ഉണ്ടാക്കുന്ന രീതിയിൽ നിലനിൽക്കുന്നുവെങ്കിൽ ഗ്രാമപഞ്ചായത്തിന് അറിയിപ്പ് മുഖേന പ്രസ്തുത മരത്തിന്റെഉടമയോട് പരിഹാരമാർഗം ആവശ്യപ്പെടുവാനുള്ള അധികാരം ഉണ്ട്.അതായത് കുര്യൻ മാഷ് പഞ്ചായത്തിന് (സെക്രട്ടറിക്കല്ല) രേഖാമൂലം പരാതികൊടുക്കുകയാണെങ്കിൽ തേങ്ങ വീഴൽ പരിഹരിക്കപ്പെടുമെന്ന് കഥാസാരം.ചില അടിയന്തര സാഹചര്യങ്ങളിൽ പഞ്ചായത്തിന് ഇക്കാര്യത്തിൽ നോട്ടീസ് നൽകാതെ തന്നെ നടപടികളുമായി മുന്നോട്ടു പോകുവാനുള്ള അധികാരമുള്ളതുമാകുന്നു.