തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി എത്തുന്നത്… കോർപറേഷനിൽ…

വി പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദർശിനി. സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകൾ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.
അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ ആർപി ശിവജി സിപിഎം കക്ഷി നേതാവാകും. ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോർപറേഷനിലെ പുന്നയ്ക്കാമുകൾ കൗൺസിലറാണ് ശിവജി. മറ്റു ജില്ലകളിലെ ജില്ലാ പഞ്ചായത്തുകളിലെയും കോർപറേഷനുകളിലേക്കുമടക്കം പ്രസിഡൻറുമാരെയും മേയർമാരെയും തിരഞ്ഞെടുക്കുന്ന നടപടികളുമായി പാർട്ടികൾ മുന്നോട്ടുപോവുകയാണ്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് അംഗം മില്ലി മോഹൻ ആണ് പ്രസിഡൻറാകുക കോടഞ്ചേരി ഡിവിഷനിൽ നിന്നാണ് മില്ലി മോഹൻ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിട്ടാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. നാദാപുരം ഡിവിഷനിൽ നിന്നും ജയിച്ച ലീഗിന്റെ കെകെ നവാസാണ് വൈസ് പ്രസിഡൻറാവുക. രണ്ടര വർഷത്തിനുശേഷം അധ്യക്ഷ പദവി ലീഗിന് നൽകാനാണ് മുന്നണിയിലെ ധാരണ. ഇടതുമുന്നണി കുത്തകയാക്കിവെച്ചിരുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകളാണ് ഇക്കുറി യുഡിഎഫ് നേടിയത്. 13 ഡിവിഷനുകളിലാണ് എൽഡിഎഫ് ജയിച്ചത്. അതേസമയം, കണ്ണൂർ കോർപറേഷനിൽ കെപി താഹിർ ഡെപ്യൂട്ടി മേയറാകും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറാണ് താഹിർ. വാരം ഡിവിഷനിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. പി ഇന്ദിരയെ മേയറാക്കാൻ നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നു.



