ചെന്നിത്തലയെ അനുനയിപ്പിക്കാൻ വി.ഡി. സതീശൻ നേരിട്ടെത്തി….. തർക്കം തീർക്കാൻ ഹൈക്കമാൻഡും…. നിർണ്ണായക കൂടിക്കാഴ്ച തുടരുന്നു

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കടുത്ത അതൃപ്തിയിലായിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി സതീശൻ കൂടിക്കാഴ്ച നടത്തുകയാണ്. ചെന്നിത്തലയുടെ വസതിയിലെത്തി നടത്തുന്ന ഈ അനുനയ നീക്കം രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ മന്ത്രിസഭയുടെ ഭാഗമാകൂ എന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല. എന്നാൽ, ആഭ്യന്തരം വിട്ടുനൽകുന്നത് ഭരണത്തിൽ സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് വി.ഡി. സതീശൻ. ആഭ്യന്തരത്തിന് പുറമെ, തന്നോടൊപ്പം നിൽക്കുന്ന രണ്ട് എം.എൽ.എമാരെ മന്ത്രിമാരാക്കണമെന്നും ബോർഡ് കോർപ്പറേഷനുകളിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്ന നിർദ്ദേശവും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് കേരളത്തിലെത്തുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രമേശ് ചെന്നിത്തലയെ കാണും. ചെന്നിത്തല തന്റെ ആവശ്യങ്ങൾ ഹൈക്കമാൻഡ് പ്രതിനിധിയെ നേരിട്ട് അറിയിക്കും. അതിനിടെ, രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫും മുതിർന്ന നേതാവ് പി.ജെ. കുര്യനും രംഗത്തെത്തിയിട്ടുണ്ട്. സതീശനുമായുള്ള കൂടിക്കാഴ്ചയിൽ പി.ജെ. ജോസഫ് ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചു. ചെന്നിത്തലയുടെ പരിചയസമ്പത്ത് പുതിയ സർക്കാരിന് ഗുണകരമാകുമെന്ന് പി.ജെ. കുര്യനും വ്യക്തമാക്കി.

Related Articles

Back to top button