തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ

തിരുവനന്തപുരം പോത്തൻകോട് എം.ഡി.എം.എയുമായി രണ്ടു വിദ്യാർഥികൾ പിടിയിൽ. നാലാഞ്ചിറ വാടകക്ക് താമസിക്കുന്ന എറണാകുളം സ്വദേശി അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ സ്വദേശി അജീഷ് (19) എന്നിവരാണ് പിടിയിലായത്. 20 ഗ്രാം എം.ഡി.എം.എയാണ് പരിശോധനയിൽ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇരുവരും ബിരുദ വിദ്യാർഥികളും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും ആണെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊയ്ത്തൂർക്കോണം മണ്ണറയിൽ നിറുത്തിയിട്ട കാറിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.

ലഹരി ഉപയോഗത്തിനുള്ള സിറിഞ്ചുകളും കാറിൽനിന്ന് ലഭിച്ചു. പൊലീസിനെകണ്ടതോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടി കൂടുകയായിരുന്നു. സംഘത്തിലെ പ്രധാനപ്രതി ഓടി രക്ഷപ്പെട്ടു. ഒഴിഞ്ഞ പ്രദേശമായ പോത്തൻകോട് മണ്ണറയിൽ സ്ഥിരമായി ലഹരി സംഘങ്ങൾ താവളമാക്കാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ കൊച്ചിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടന്ന എക്‌സൈസ് പരിശോധയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേർ കുടുങ്ങി. 110 ഗ്രാം എംഡിഎംഎയുമായാണ് തൃശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂർ മനവലശ്ശേരി സ്വദേശി ഐവിൻ പി വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്.

എറണാകുളത്ത് നടന്ന പരിയശോധനയിലാണ് സംഘം കുടുങ്ങിയത്. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും എക്‌സൈസ് പിടിച്ചെടുത്തു. നാലംഗ സംഘമായിരുന്നു ലഹരിക്കടത്തിന് പിന്നിൽ. ഇവരിൽ മൂന്നുപേർ പിടിയിലായി ഒരാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും എക്‌സൈസ് പിടികൂടി.

Related Articles

Back to top button