ട്രംപ് ചൈനയിൽ….ത്രിരാഷ്ട്ര ഉച്ചകോടി നാളെ…

അപെക്, ത്രിരാഷ്ട്ര ഉച്ചകോടികൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലെത്തി. ഷെൻഷനിൽ വിമാനമിറങ്ങിയ ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നേരിട്ടെത്തി സ്വീകരിച്ചു. നാളെ വൈകീട്ടാണ് ഷി-പുടിൻ-ട്രംപ് കൂടിക്കാഴ്ച ഷെൻഷനിൽ വച്ച് നടക്കുക. രാവിലെ ഷെൻഷനിൽ എത്തിയ പുടിനുമായി ഷി ജിൻപിങ് പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷങ്ങൾക്കിടെ ലോകസമാധാനം നിലനിർത്തുന്നതിനായി ത്രിരാഷ്ട്ര ഉച്ചകോടിക്കിടെ മൂന്ന് രാജ്യങ്ങളും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുമെന്നാണ് സൂചന.
ഏഷ്യ – പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ടാണ് തെക്കൻ ചൈനയിലെ ഷെൻഷനിൽ ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുന്നത്. ചൈനീസ്, റഷ്യൻ, അമേരിക്കൻ രാഷ്ട്രതലവൻമാർ ഇതിനുമുൻപും പല ലോകവേദികളിലും ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും ഇവർ മാത്രമായി ഒരു മേശയ്ക്ക് ചുറ്റും എത്തുന്നത് ചരിത്രത്തിൽ ഇതാദ്യം. 2013-ൽ ഷി ജിൻപിങ് പ്രസിഡന്റായതിന് ശേഷം ഷിയും പുടിനും തമ്മിൽ 40-ലധികം തവണ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ രണ്ട് അധികാര കാലങ്ങളിലായി പുടിനുമായി ഏഴ് തവണയും ട്രംപും ഷിയും തമ്മിൽ മൂന്ന് തവണയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.



