അമ്മയ്ക്ക് അച്ഛനെ വേണ്ട ഞങ്ങളെ മതി, ഞങ്ങൾക്ക് അച്ഛനെയും വേണം’; കലക്ടർക്ക് മുന്നിൽ പരാതിയുമായി കുരുന്നുകൾ

കഴിഞ്ഞ ദിവസം പാലക്കാട് കലക്ടറുടെ ഓഫീസിൽ മൂന്ന് കുരുന്നുകൾ എത്തി. ജില്ലാ കലക്ടർ മാധവിക്കുട്ടിയോട് ഒരു പരാതി പറയാനാണ് സംഘം എത്തിയത്. ”അച്ഛനെയും അമ്മയെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. അമ്മയ്ക്ക് അച്ഛനെ വേണ്ട ഞങ്ങളെ മതി, ഞങ്ങൾക്ക് അച്ഛനെയും വേണം അമ്മയെയും വേണം. അവർ ഒരുമിച്ച് എത്തിയാലെ കൂടെ പോകുകയുള്ളു” ഇതായിരുന്നു പരാതി. പരാതി കേട്ട ജില്ലാ കലക്ടർ ആദ്യം കുട്ടികളെ സമാധാനപ്പെടുത്തി. എന്നിട്ട് കാര്യങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കി.

ആനക്കര സ്വദേശികളായ പന്ത്രണ്ടും,പത്തും,എട്ടും വയസുള്ള മൂന്ന് കുട്ടികൾ മുത്തച്ഛനോടൊപ്പമാണ് പരാതി പറയാൻ കലക്ടറുടെ ഓഫീസിൽ എത്തിയത്. ഇവരോടൊപ്പം പന്ത്രണ്ട് വയസ്കാരിയായ അച്ഛന്റെ സഹോദരിയുടെ മകളും ഉണ്ടായിരുന്നു. അവളാണ് കാര്യങ്ങൾ പറയാൻ മുന്നിട്ടിറങ്ങിയത്. കുട്ടികളുടെ അമ്മയും അച്ഛനും തമ്മിൽ സ്വരച്ചേർച്ചയില്ലാത്തതാണ് പ്രശ്‌നം.

അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. വിഷുക്കാലത്ത് അച്ഛനും മക്കളും അമ്മയെ സന്ദർശിക്കാൻ വിദേശത്തേക്ക് പോയിരുന്നു. രണ്ടു മാസക്കാലം അവിടെ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ അമ്മ അവരെ ശ്രദ്ധിച്ചത് പോലുമില്ല എന്നാണ് കുട്ടികളുടെ മറ്റൊരു വിഷമം.

നാട്ടിൽ തിരിച്ചെത്തിയ അച്ഛൻ മാനസികമായി തളർന്ന അവസ്ഥയിലായി. തുടർന്ന് മദ്യപിക്കാൻ തുടങ്ങി. ഇതോടെ മൂന്ന് കുട്ടികളും ഒറ്റപ്പെട്ടു. ഇതോടെ കുട്ടികൾ അച്ഛന്റെ കുടുംബവീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയ ഇവരുടെ അമ്മ കുട്ടികളെ കൂട്ടികൊണ്ടുപോകാൻ ശ്രമിച്ചു. അച്ഛനെയും കൂടെ കൊണ്ട് പോയാൽ മാത്രമേ ഒപ്പം വരികയുള്ളു എന്ന് കുട്ടികളും പറഞ്ഞു. എന്നാൽ, അമ്മ അതിന് വഴങ്ങിയില്ല. ഒപ്പം വരണമെന്ന് അമ്മ വീണ്ടും നിർബന്ധിച്ചതോടെയാണ് കുട്ടികൾ പരാതിയുമായി കലക്ടറുടെ ഓഫീസിൽ എത്തിയത്.

ഒടുവിൽ കലക്ടറുടെ നിർദേശ പ്രകാരം വനിതാ-ശിശു വികസന വകുപ്പിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതർ കുട്ടികളുമായി സംസാരിച്ചു. ഒടുവിൽ സംരക്ഷണം നൽകാമെന്നും ഭയപ്പെടേണ്ടെന്നും കുട്ടികൾക്ക് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അംഗങ്ങൾ ഉറപ്പ് നൽകി. തുടർന്ന് കുട്ടികളെ വീട്ടിലേക്ക് മടക്കി അയച്ചു.

Related Articles

Back to top button