‘മന്ത്രിമാരല്ലേ മാറിയത്, ആന മാറിയിട്ടില്ലല്ലോ’…. പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി വനംമന്ത്രി

കൊച്ചി: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച കടുത്ത വിമർശനങ്ങൾക്ക് പരിഹാസ രൂപേണ മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോൺ. ഭരണമാറ്റമുണ്ടായപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂവെന്നും, ഉദ്യോഗസ്ഥരും കാട്ടിലെ ആനകളും മാറിയിട്ടില്ലെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭ മാറിയ വിവരം അറിഞ്ഞിട്ടാവില്ല കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ഇനി അതറിഞ്ഞിട്ടാണോ ആന ഇറങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു.

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും സമയമെടുക്കുമെന്ന വനംമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ കുറ്റപ്പെടുത്തിയത്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

എന്നാൽ പ്രതിപക്ഷ നേതാവിന്റെ ഈ ‘നിരുത്തരവാദപരമായ പ്രസ്താവന’ എന്ന വിമർശനത്തിന് തത്കാലം കൂടുതൽ മറുപടി നൽകാനില്ലെന്നാണ് വനംമന്ത്രി വ്യക്തമാക്കിയത്. വന്യജീവി ശല്യം തടയാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവി ആക്രമണങ്ങളെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

Related Articles

Back to top button