മുസ്ലിം ലീഗിൽ മന്ത്രിമാരുടെ പട്ടികയായി…. കുഞ്ഞാലിക്കുട്ടിയും ഷാജിയും ഉൾപ്പെടെ നാല് പേർക്ക് പച്ചക്കൊടി

കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. അതേസമയം, അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

ആറ് എംഎൽഎമാരെ വിജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. കുന്നമംഗലത്ത് നിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖ് മാസ്റ്ററുടെ പേരാണ് അവർ നിർദ്ദേശിക്കുന്നത്. കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടി പാർട്ടിയിൽ കടുത്ത സമ്മർദ്ദമുണ്ട്. എന്നാൽ ആബിദ് തങ്ങൾ കൂടി വന്നാൽ നാല് മന്ത്രിമാരും മലപ്പുറം ജില്ലയിൽ നിന്നാകുമെന്നത് മറ്റു ജില്ലകളിൽ നിന്നുള്ള നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ്, കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ള എന്നിവരെയും പരിഗണിക്കുന്നുണ്ട്. ആദ്യ വനിതാ എംഎൽഎ എന്ന നിലയിൽ ഫാത്തിമ തഹ്ലിയയുടെ പേരും ചർച്ചകളിൽ സജീവമാണ്. ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകണമെന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിച്ചിരിക്കുന്നത്. ഇത് ലീഗ് ക്യാമ്പിന് വലിയ ആശ്വാസം നൽകുന്നു. എന്നാൽ അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പ് പദവിയോ നൽകി ഒത്തുതീർപ്പ് ഉണ്ടാകുമോ എന്ന ആശങ്കയും പാർട്ടിയിലുണ്ട്. എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നീ മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുന്ന പദവികളും ലീഗ് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം കൂടുതൽ വ്യക്തത വരും.

Related Articles

Back to top button