ഷഹബാസ് ഉണ്ടായിരുന്നെങ്കില്‍…മോഡല്‍ പരീക്ഷ എഴുതിയ അതേ ക്ലാസില്‍, ഏറ്റവും പിന്നില്‍ അവന്റെ ക്രമനമ്പർ കുറിച്ചിരുന്നു…
താമരശ്ശേരിയില്‍ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അവന്‍ പഠിച്ച എളേറ്റില്‍ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ഷഹബാസ് ഉണ്ടായിരുന്നെങ്കില്‍ സഹപാഠികള്‍ക്കൊപ്പം ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതുമായിരുന്നു. മോഡല്‍ പരീക്ഷ എഴുതിയ അതേ ക്ലാസില്‍, ഏറ്റവും പിന്നില്‍ ക്രമീകരിച്ചിരുന്ന ബെഞ്ചില്‍ ഷഹബാസിന്റെ ക്രമനമ്പര്‍ കുറിച്ചിരുന്നു. ഇത് സഹപാഠികളേയും അധ്യാപകരേയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഷഹബാസ് പരീക്ഷയെഴുതേണ്ടയിരുന്ന ക്ലാസില്‍ താന്‍ പോയിരുന്നുവെന്നും അവന്റെ അഭാവം ശൂന്യതതന്നെയാണെന്നും സ്‌കൂളിലെ അധ്യാപകന്‍ പ്രതികരിച്ചു.
കുട്ടികള്‍ ഇത്രയും നാള്‍ പഠിച്ചുവെച്ചത് എഴുതാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ പ്രയാസം അകറ്റുക എന്നത് തങ്ങളുടെ ചുമതലയാണെന്നും അധ്യാപകന്‍ പറഞ്ഞു.
പരീക്ഷ വളരെ അടുത്തുവന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രയാസകരമായ സംഭവം നടന്നതെന്നും അധ്യാപകന്‍ പറഞ്ഞു. കുട്ടികളെ സ്‌കൂളിലേക്ക് എത്തിച്ച് നിര്‍ദേശം നല്‍കാനുള്ള സമയമുണ്ടായിരുന്നില്ല. ക്ലാസ് ഗ്രൂപ്പുകള്‍ വഴി കുട്ടികളെ ഓണ്‍ലൈനായി ബന്ധപ്പെട്ടു. കുറച്ച് കൂടുതല്‍ പ്രയാസം പങ്കുവെച്ച വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അവരെ അധ്യാപകര്‍ സംഘം തിരിഞ്ഞ് വീട്ടില്‍ പോയി കൗണ്‍സിലിങ് നല്‍കി. സ്‌കൂളില്‍ സാധാരണ നിലയില്‍ എന്ന രീതിയിലുള്ള അവസ്ഥ സൃഷ്ടിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പൊലീസ് സ്‌കൂളില്‍ വന്നിരുന്നു. അവരോട് ഒന്നു മാറിനില്‍ക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനോട് സഹകരിച്ചുവെന്നും അധ്യാപകന്‍ വ്യക്തമാക്കി