മിടുക്കനായ വിദ്യാർത്ഥി..വലിയ പ്രതീക്ഷയുണ്ടായിരുന്നു…അവൻ എന്തിന് ഇത് ചെയ്തു?…
മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ദർശനെന്നും വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും സ്കൂൾ പ്രിൻസിപ്പൽ ആശലത. സന്തോഷത്തോടെയാണ് ഫെയർവെല്ലിന് ശേഷം സ്കൂളിൽ നിന്ന് മടങ്ങിയത്. കുട്ടിക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നതി അറിഞ്ഞിരുന്നില്ല. പഠിച്ചത് മറന്നു പോകുമെന്ന തരത്തിൽ എന്തോ ഭയം കുട്ടിയുടെ ഉള്ളിൽ തട്ടിയെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
ഫെയർവെല്ലിന് നന്നായി പ്രസംഗിച്ചു, ഭയങ്കര ഹാപ്പിയായിരുന്നു. അവന് പരീക്ഷയെക്കുറിച്ചോ മറ്റൊന്നിനേക്കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം അവൻ നല്ല മാർക്ക് മേടിച്ച് പാസ്സാകും. ഫസ്റ്റ് ഇയറിൽ നല്ല മാർക്കുണ്ട്. കുഞ്ഞിന്റെ മനസിൽ എന്തുകൊണ്ട് അങ്ങനെ തോന്നി എന്ന് നമുക്കറിയില്ല. നമ്മൾ ചേർത്തുനിർത്തുന്ന ഒരു പയ്യനാണ്. പ്രിൻസിപ്പൽ ആശാലത കണ്ണീരോടെ പറയുന്നു.
തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിലാണ് പ്ലസ് ടു വിദ്യാർത്ഥി ദർശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയായിരുന്നു മരണം. ഏക മകനായിരുന്നു ദർശൻ. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു.
എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.