ബാങ്കുകളുടെ സഹകരണം വികസന പദ്ധതികൾക്ക് നിർണായകമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന വികസന പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ ബാങ്കുകളുടെ കൂടുതൽ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിങ് മേഖല 18 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ് കൈവരിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപം 10.62 ലക്ഷം കോടി രൂപയിലേക്കും വായ്പ വിതരണം 7.74 ലക്ഷം കോടി രൂപയിലേക്കും ഉയർന്നത് ബാങ്കിങ് മേഖലയിലെ ശക്തമായ വളർച്ചയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.



