മകനെ മറ്റൊരാൾക്ക് നൽകിയ ശേഷം അവൾ വേറെയൊരു വിവാഹം കഴിച്ചു’; ഭാര്യക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

തെലങ്കാനയിൽ ക്യാബ് ഡ്രൈവർ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഹയാത്ത് നഗർ പൊലീസ് കേസെടുത്തു. കോഹെഡ സ്വദേശിയായ പി. ഗോവർദ്ധൻ മെയ് 12-നാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ ഗോവർദ്ധന്റെ കുടുംബം ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
ഗോവർദ്ധന്റെ അമ്മ പി. മഹേശ്വരി ഹയാത്ത് നഗർ പൊലീസിൽ നൽകിയ പരാതിയിൽ, കുടുംബ പ്രശ്നങ്ങളും ഭാര്യയുടെ നിരന്തര പീഡനവും മാനസിക സമ്മർദവും മൂലമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു. മെയ് 12 രാവിലെ 10:30ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഗോവർദ്ധൻ മുറിയിൽ ഉറങ്ങാൻ പോയി.
ഈ സമയം മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ അനിയത്തി ദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരമായിട്ടും ഗോവർദ്ധൻ മുറിയിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ അനിയത്തി വാതിലിൽ മുട്ടിവിളിച്ചു. മറുപടിയില്ലാത്തതിനെ തുടർന്ന് വാതിൽ ബലമായി തള്ളിത്തുറന്നപ്പോഴാണ് ഗോവർദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണപ്പെടുന്നതിന് മുൻപ് ഗോവർദ്ധൻ എഴുതിയ ആത്മഹത്യാക്കുറിപ്പും സെൽഫി വിഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സരിത എന്ന സ്ത്രീ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ഗോവർദ്ധൻ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായും അതിൽ അവർക്ക് ഒരു മകനുമുണ്ടെന്നും എന്നാൽ സരിത ആ കുഞ്ഞിനെ മറ്റൊരാൾക്ക് നൽകിയ ശേഷം വേറെയൊരു വിവാഹം കഴിച്ചുയെന്നും വിഡിയോയിൽ അയാൾ ആരോപിക്കുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ് സെക്ഷൻ 108 പ്രകാരം സരിതക്കെതിരെ ആത്മഹത്യാ പ്രേരണക്ക് പൊലീസ് കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഗോവർദ്ധന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇത് ഫൊറൻസിക് പരിശോധനക്ക് അയക്കുമെന്നും ഹയാത്ത് നഗർ ഇൻസ്പെക്ടർ പി. നാഗരാജ് ഗൗഡ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.




