സ്കൂൾ കലോത്സവത്തിലെ മാർക്ക് ഇനി രഹസ്യമല്ല

സ്കൂൾ കലോത്സവത്തിലെ വിധിനിർണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ നിർണായക നിർദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. മത്സരാർത്ഥികൾക്കും ഗ്രൂപ്പുകൾക്കും ലഭിക്കുന്ന മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി വേദിയിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് നടപടി.

വിധിനിർണയം പൂർത്തിയാകുന്ന ഘട്ടത്തിൽ ഓരോ മത്സരാർത്ഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും കാണാനാകുന്ന വിധത്തിൽ സ്റ്റേജിലെ ഇലക്ട്രോണിക് ഡിസ്പ്ലേയിൽ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. ഇതിലൂടെ വിധിനിർണയത്തിൽ കൂടുതൽ വ്യക്തതയും വിശ്വാസ്യതയും ഉറപ്പാക്കാനാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

അതേസമയം, കലോത്സവ മാനുവൽ പരിഷ്കരിക്കാനും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. വിവിധ കലാരംഗങ്ങളിൽ പ്രാവീണ്യവും പരിചയസമ്പത്തുമുള്ളവരെ ഉൾപ്പെടുത്തി മാനുവൽ പരിഷ്കരിക്കണമെന്നാണ് ഉത്തരവ്. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനും മത്സരങ്ങളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് നിർദേശം.

കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വ്യാപകമായ പണപ്പിരിവ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷൻ പരിഗണിച്ചു.

Related Articles

Back to top button