ആരോമലിനെയും ചന്തുവിനെയും ചേർത്തുപിടിച്ച് മുഖ്യമന്ത്രി, സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശൻ. അദ്ദേഹത്തിന്റെ പ്രചാരണ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു സലിംകുമാർ. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണത്തിലാണ് സലിം കുമാർ അവസാനമായി പങ്കെടുത്ത പൊതുപരിപാടി.
ഉറച്ച രാഷ്ട്രീയ ബോധവും കോൺഗ്രസ് ബോധവുമുള്ള വ്യക്തിയായിരുന്നു സലിം കുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അവസാനം അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നുവെന്ന് വി.ഡി. സതീശൻ. ഏത് സംഘർഷ സാഹചര്യത്തിലും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാനുള്ള നർമബോധമുള്ളയാളായിരുന്നു സലിം കുമാർ. വീടുകളെ സന്തോഷ നിർഭരമാക്കുന്ന മുഖമായിരുന്നു അദ്ദേഹം. ഹാസ്യനടൻ മാത്രമല്ല, വലിയ നടൻ ആയിരുന്നുവെന്ന് ആദാമിൻറെ മകൻ അബു എന്ന സിനിമയിലൂടെ തെളിയിച്ചു. സാമുഹിക മാധ്യമങ്ങളിലെ തമാശകൾ സലിം കുമാറിൻറെ തമാശകളായിരുന്നു. അടൂർ ഭാസിയെയും ബഹദൂറിനെയും പോലെ മലയാളിക്ക് സലിം കുമാർ. സഹോദര തുല്യനായ ആളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും സതീശൻ പറഞ്ഞു.
അന്തരിച്ച നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ തുടങ്ങി. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു. ടൗൺഹാളിൽ സലിം കുമാറിൻ്റെ കുടുംബവും എത്തിയിട്ടുണ്ട്. നിരവധി പേരാണ് സലിംകുമാറിനെ അവസാന നോക്കു കാണാനായി ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യനായർ സലിംകുമാറിന് അന്തിമോപചാരമർപ്പിക്കാനെത്തി. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ സലിംകുമാറിനെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്ക് അകത്തും പുറത്തും നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹൻലാലും അനുസ്മരിച്ചു. നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു.




