പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നു… പ്രതിക്കൊപ്പം നിന്ന പ്രോസിക്യൂട്ടർ ടി ഗീനാ കുമാരിയെ….

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്കായി കോടതിയിൽ അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി. ഗീനാ കുമാരിയെ പദവിയിൽ നിന്നും അടിയന്തരമായി നീക്കും. രണ്ട് മണിക്കൂറിനുള്ളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊച്ചിയിൽ അറിയിച്ചു. കേസ് നാളെ കോടതി പരിഗണിക്കുമ്പോൾ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ അടിയന്തര നീക്കം. പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ പ്രോസിക്യൂട്ടറുടെ നടപടിക്കെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകിയിരുന്നു. പ്രോസിക്യൂട്ടർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നും ഇവരെ അടിയന്തരമായി മാറ്റണമെന്നുമാണ് കമ്മീഷണർ പരാതിയിൽ ആവശ്യപ്പെട്ടത്. പ്രതിക്ക് ജാമ്യം നൽകരുതെന്ന പോലീസ് റിപ്പോർട്ടിന് കടകവിരുദ്ധമായാണ് ഗീനാ കുമാരി കോടതിയിൽ വാദിച്ചതെന്നും കമ്മീഷണർ ചൂണ്ടിക്കാണിച്ചു.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ഗീനാ കുമാരി കോടതിയിൽ വാദത്തിനിടെ സ്വീകരിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യത്തെ പൂർണ്ണമായും തള്ളുന്നതായിരുന്നു ഈ വാദം. ഇതോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതും പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാർ തീരുമാനിച്ചതും. ഒരു പ്രോസിക്യൂട്ടറുടെ നിലപാടിനെതിരെ സ്വന്തം സർക്കാർ തന്നെ രംഗത്തുവരുന്നതും കോടതിയെ സമീപിക്കുന്നതും നിയമവൃത്തങ്ങളിൽ ഏറെ അപൂർവ്വമായ സംഭവമാണ്.

Related Articles

Back to top button