നാഗർകോവിലിൽ ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ…. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല തുടക്കം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിൽ വൻ റോഡ് ഷോ നടത്തി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം വൈകുന്നേരം നാഗർകോവിലിലെത്തിയ പ്രധാനമന്ത്രിയെ വൻ ജനാവലിയാണ് സ്വീകരിച്ചത്. ബിജെപിയുടെയും എൻഡിഎ സഖ്യകക്ഷികളുടെയും ദക്ഷിണേന്ത്യൻ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ പര്യടനം.

നാഗർകോവിലിൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ റോഡ് ഷോയാണിത്. വെപ്പമൂട് ജംഗ്ഷനിലെ കാമരാജ് പ്രതിമയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച പര്യടനം വടച്ചേരിയിലെ എംജിആർ പ്രതിമയ്ക്ക് സമീപമാണ് സമാപിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാഗർകോവിലിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നഗരത്തിൽ അമ്പതിനായിരത്തിലധികം പ്രവർത്തകർ എത്തിയതായാണ് കണക്ക്.

കന്യാകുമാരി ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിൽ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കുടുംബങ്ങൾക്ക് വർഷം തോറും മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ തുടങ്ങിയ വൻ വാഗ്ദാനങ്ങൾ അടങ്ങിയ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് മോദിയുടെ ഈ സന്ദർശനം.

Related Articles

Back to top button