പന്തളം കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി… തിരച്ചിൽ തുടരുന്നു

കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വീട്ടിൽ ലെനിൻ (32) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പുഞ്ചയിൽ നീന്തുന്നതിനിടെ അപ്രതീക്ഷിതമായി ആഴമുള്ള ഭാഗത്തേക്ക് താഴ്ന്നുപോകുകയും പിന്നീട് കാണാതാകുകയുമായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഉടൻ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സ്, പൊലീസ്, സ്കൂബാ സംഘം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. പുഞ്ചയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ ആഴവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതായി അധികൃതർ അറിയിച്ചു.
സംഭവം നടന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചിട്ടും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ വള്ളം ഇറക്കിയാണ് തിരച്ചിൽ ആരംഭിച്ചത്. നിലവിൽ പുഞ്ചയിൽ ഡിങ്കി ബോട്ട് ഇറക്കി സ്കൂബ ഡൈവിംഗ് സംഘമെത്തി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടിയ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.



