ഫേസ്ബുക്ക് പരസ്യം വഴി തട്ടിപ്പ്; 299 രൂപക്ക് ചുരിദാർ ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത്

ആവശ്യമുണ്ടായാലും ഇല്ലെങ്കിലും നിരന്തരമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരാണോ നിങ്ങള്‍? വിരല്‍ത്തുമ്പുകൊണ്ട് ഇഷ്‌ടമുള്ള സാധനങ്ങള്‍ തിരഞ്ഞെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആ സാധനം കൈപ്പറ്റുമ്പോള്‍ പ്രത്യേക ആനന്ദം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ? ഇങ്ങനെ നിരനതരമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന ഒട്ടേറെ പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ സമൂഹമാധ്യമത്തിലെ പരസ്യങ്ങളിൽ ആകൃഷ്ടരായി ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ ഇനി ജാഗ്രത പാലിക്കണം.

ഫേസ്ബുക്ക് പരസ്യംവഴി 299 രൂപയ്ക്ക് വസ്ത്രം വാങ്ങാൻ ശ്രമിച്ച നഴ്സ് വൻ തട്ടിപ്പിന് ഇരയായതിന് പിന്നാലെയാണ് അധികൃതരുടെ നിർദേശം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനാണ് ഒരു ലക്ഷം രൂപയുടെ വലിയ നഷ്ടം സംഭവിച്ചത്. സംഭവത്തിൽ മുംബൈ ദിയോണർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തട്ടിപ്പിന് പിന്നിൽ വ്യാജ വസ്ത്രവിൽപ്പന സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബുക്ക് പരസ്യം, വാട്സാപ്പ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. മുമ്പൈയിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന നഴ്‌സ് 299 രൂപയ്ക്ക് വസ്ത്രങ്ങൾ ലഭിക്കുമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് ഓർഡർ ചെയ്യാൻ ശ്രമിച്ചത്. പിന്നീട് വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ ഇവരെ കുരുക്കിയത്.

ആദ്യം വസ്ത്രത്തിന്റെ വിലയാണ് ആവശ്യപ്പെട്ടതെങ്കിലും, പിന്നീട് ഷിപ്പിങ് ചാർജ്, ജിപിഎസ് നിരക്കുകൾ, ട്രാക്കിങ് ഫീസ്, വെരിഫിക്കേഷൻ കോഡ്, വിലാസം സ്ഥിരീകരിക്കൽ എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കൊണ്ടിരുന്നതായി പൊലീസ് പറഞ്ഞു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈപ്പറ്റാമെന്നും തട്ടിപ്പുകാർ യുവതിയോട് പറഞ്ഞു.

ഏപ്രിൽ 16 നും 20 നും ഇടയിലുള്ള അഞ്ച് ദിവസത്തിനുള്ളിൽ താൻ ഒരു ലക്ഷം രൂപ നൽകിയെന്നും, ഈ തുകയുടെ ഭൂരിഭാഗവും തിരികെ നൽകുമെന്നും ഓർഡർ ഉടൻ ഡെലിവറി ചെയ്യുമെന്നും തട്ടിപ്പുകാർ ഉറപ്പ് നൽകിയിരുന്നതായി നഴ്‌സ് പൊലീസിനോട് പറഞ്ഞു. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വന്നു.

തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ടതോടെ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുകയായിരുന്നു. തുടർന്ന് അവൾ സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930 ൽ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു. ദിയോനാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Back to top button