നിപ്പ പ്രതിരോധത്തിൽ ഏകോപനമില്ല… ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എം.എൽ.എ

കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി ബേപ്പൂർ എം.എൽ.എ മുഹമ്മദ് റിയാസ്. തന്റെ മണ്ഡലമായ ബേപ്പൂരിലാണ് നിപ്പ കേസുകൾ കൂടുന്നതെന്നും രോഗം പടരാതിരിക്കാൻ ഉടൻ തന്നെ കണ്ടെയ്ൻമെന്റ് സോണുകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിപ്പ പ്രതിരോധത്തിന് മുഖ്യമന്ത്രി നേരിട്ട് മുൻകൈ എടുക്കണമെന്നും റിയാസ് പറഞ്ഞു. മുൻപ് നിപ്പ ബാധയുണ്ടായപ്പോൾ എല്ലാവരും ഒന്നിച്ച് ചേർന്നാണ് പ്രതിരോധിച്ചതെന്ന് റിയാസ് ഓർമ്മിപ്പിച്ചു. ആരോഗ്യ പ്രവർത്തകർ ഇപ്പോൾ നന്നായി ജോലി ചെയ്യുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ട്.
കോഴിക്കോട് ജില്ലയിൽ നിലവിൽ ഡി.എം.ഒ ഇല്ലാത്ത അവസ്ഥ വളരെ മോശമാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഒരു ടീം ആയി വേണം നിപ്പയെ നേരിടാൻ. എന്നാൽ ഇപ്പോൾ കാര്യമായ കോർഡിനേഷൻ ഇല്ല. നിപ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും ജനപ്രതിനിധികൾക്ക് കൃത്യമായി ലഭിക്കുന്നില്ല. ആരോഗ്യ മന്ത്രി ഇപ്പോൾ വിസിറ്റിങ് പ്രൊഫസറെപ്പോലെ വന്നു പോകാൻ പോലും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ ‘കായകൽപം’ പരിപാടിയിൽ ബേപ്പൂർ എം.എൽ.എയായ എന്നെ ക്ഷണിച്ചിരുന്നില്ല. എന്നിട്ട് ഞാൻ വരാതിരുന്നതാണെന്ന രീതിയിലാണ് മന്ത്രി പ്രസംഗിച്ചത്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ മന്ത്രി നിർത്തണം.
മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി കൃത്യമായി ചെയ്യണം. പ്രതിപക്ഷം ഇതിനെ വീണുകിട്ടിയ അവസരമായി കാണുകയാണെന്നും റിയാസ് പറഞ്ഞു. ഞങ്ങൾ എപ്പോഴും സർക്കാരിനൊപ്പം ഉണ്ടാകുമെന്നും എന്നാൽ ആരോഗ്യ മന്ത്രി കൂടുതൽ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ആരോഗ്യ മന്ത്രിക്ക് നിർദ്ദേശം നൽകണമെന്നും മുഹമ്മദ് റിയാസ് എം.എൽ.എ കൂട്ടിച്ചേർത്തു.



