‘ആയിരം യുവജനങ്ങളിൽ 12 പേർക്ക് മാത്രമാണ് ജോലി’; തൊഴിലില്ലായ്മയിൽ കേന്ദ്രത്തിനെതിരെ രാഹുൽ

രാജ്യത്തെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരമായൊരു ജോലി ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും അമിത സ്വാധീനം യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ യഥാർത്ഥ ശക്തി 40 കോടി വരുന്ന ഊർജസ്വലരായ യുവജനങ്ങളാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ‘ഛാത്രോൻ കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
“ഞാൻ നിങ്ങൾക്ക് കണക്കുകൾ തരാം. ഓരോ 1000 ചെറുപ്പക്കാരിലും വെറും 12 പേർക്കാണ് സ്ഥിരം ജോലി കിട്ടുന്നത്. 150 ചെറുപ്പക്കാരിൽ ഒരാൾക്ക് മാത്രമാണ് സർക്കാർ ജോലി കിട്ടുന്നത്. നിങ്ങളുടെ ഡാറ്റയാകട്ടെ, നിങ്ങളിൽ നിന്ന് തട്ടിയെടുത്ത് ജിയോ, അദാനി, ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുന്നു. നിങ്ങളൊരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.”- രാഹുൽ ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞു.
“നിങ്ങളോട് ഇഷ്ടം പോലെ റീൽസ് കാണാനും വാട്സ്ആപ്പ് മെസേജ് അയയ്ക്കാനും ഇൻസ്റ്റഗ്രാമിൽ സമയം കളയാനും പറയും. ഇതാണ് 21-ാം നൂറ്റാണ്ടിലെ ലഹരി. എന്നിട്ട് നിങ്ങളോട് ബ്ലിങ്കിറ്റിലോ ഊബറിലോ ജോലി ചെയ്യാനോ മറ്റ് കൂലിപ്പണികൾ ചെയ്യാനോ പറയും. ഈ ലഹരിക്ക് അടിമപ്പെടാമെന്നല്ലാതെ, ഈ രാജ്യത്ത് നിങ്ങൾക്ക് ഒരു ജോലി കിട്ടില്ല”- രാഹുൽ ഗാന്ധി പറഞ്ഞു.




