കുളിമുറിയിലെ ചുവരിൽ മോശം വാക്കുകൾ; അന്വേഷണത്തിനിടെ കോളേജ് വിദ്യാർത്ഥിനി…

ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്നും കോളേജ് വിദ്യാർത്ഥിനി താഴേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര സത്താറയിലെ യശ്വന്ത്റാവു ചൗഹാൻ സയൻസ് കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ സൃഷ്ടി ഭാനുദാസ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി കുളിമുറിയിൽ പോവുകയാണെന്ന് പറഞ്ഞാണ് സൃഷ്ടി മുറിയിൽനിന്ന് പുറത്തുപോയത്. എന്നാൽ, ഹോസ്റ്റലിന്റെ മൂന്നാംനിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാർഥിനിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിദ്യാർഥിനിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ഹോസ്റ്റലിലെ കുളിമുറിയിൽ ചില ചുവരെഴുത്തുകളെച്ചൊല്ലി പരാതി ഉയർന്നിരുന്നു. കുളിമുറിയുടെ ചുമരുകളിൽ മോശം വാക്കുകൾ എഴുതിവെച്ചതായി കണ്ടതോടെ അധികൃതർ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില വിദ്യാർഥിനികളെ ചോദ്യംചെയ്യുകയുമുണ്ടായി. ഈ വിഷയത്തിൽ ചില വിദ്യാർഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താനും ആലോചിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാർഥിനിയുടെ ആത്മഹത്യയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



