ലാലേട്ടൻ ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ ആദ്യമായി മനസ്സ് തുറക്കുന്നു; മുൻ സിനിമകളിൽ നിന്നുള്ള മാറ്റമെന്ത്?

മലയാള സിനിമയിൽ നൂറു ശതമാനം വിജയത്തിളക്കവുമായി നിൽക്കുന്ന ദിലീഷ് പോത്തൻ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആദ്യമായി പങ്കുവെക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘ജോജി’ എന്നീ മൂന്ന് ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് അദ്ദേഹം. ഫഹദ് ഫാസിൽ നായകനായ ഈ മൂന്ന് ചിത്രങ്ങൾക്കും ശേഷം, അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞെത്തുന്ന പുതിയ സിനിമയിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആണെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ എത്തുന്ന ഈ പ്രോജക്റ്റ് ഉറപ്പായെന്ന് ആദ്യമായി പറഞ്ഞത് ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു. ദൃശ്യം 3 റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ ആരാധകരുമായി എക്സ് സ്പേസില്‍ നടത്തിയ സംവാദത്തിലാണ് ആന്‍റണി ഇക്കാര്യം പറഞ്ഞത്. ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പിന്നാലെ ഷിബു ബേബി ജോണ്‍ ഒരു ചാനല്‍ ചര്‍ച്ചയിലും ഈ ചിത്രം ഉറപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. ഇപ്പോഴിതാ തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തന്‍ പുതിയ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളും സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്.
ബാബു രാമചന്ദ്രന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇതേക്കുറിച്ച് പറയുന്നത്. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദിലീഷിന്റെ മറുപടി ഇങ്ങനെ- “ഇപ്പോള്‍ ഞാനൊരു ഐഡിയയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതിന്‍റെ ഒരു പ്ലോട്ട് കേട്ടപ്പോള്‍ എക്സൈറ്റഡ് ആയ ഒന്നാണ്. ഞാന്‍ എടുത്തിട്ടുള്ള എല്ലാ കഥകളിലും എനിക്ക് തോന്നുന്നത് പ്ലോട്ട് ഭയങ്കര എക്സൈറ്റിംഗും എന്നാല്‍ അതില്‍ ഒരുപാട് വെല്ലുവിളികളും ഉണ്ടായിരിക്കും. ഇതും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാന്‍ ആ വെല്ലുവിളികളെ പതുക്കെ പതുക്കെ തരണം ചെയ്യാനുള്ള അതിന്‍റെയൊരു റൈറ്റിംഗ് പ്രോസസിലും പ്രീ പ്രൊഡക്ഷന്‍ പരിപാടികളിലും ഒക്കെയാണ്. പോള്‍സണും ശ്യാമും കൂടിയിട്ടാണ് എഴുതുന്നത്. അത് ഒരു ഡെവലപ്മെന്‍റല്‍ സ്റ്റേജില്‍ ആണ്. ഇത് വട്ടം എത്തുമെന്ന് തോന്നുന്നു.”
“ഏകദേശം ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ആയിട്ടുണ്ട്. അതൊരു ഡ്രാമയാണ്. അതാണ് പറയാനുള്ളത്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ പ്രോസസിലാണ് അതിന്‍റെ ജോണറും പരിപാടികളുമൊക്കെ കണ്ടെത്തി വരുന്നത്. പക്ഷേ എന്‍ഗേജിംഗ് ആയിട്ടുള്ള ഒന്നായിരിക്കും ഇത്. എന്‍റെ മുന്‍പത്തെ സിനിമകളില്‍ നിന്ന് കുറച്ചുകൂടി വിട്ടിട്ടാണെന്ന് ഞാന്‍ കരുതുന്നു. കുറച്ചുകൂടി ഡ്രാമയുള്ള ഒരു കഥയാണ്”, ദിലീഷ് പോത്തന്‍റെ വാക്കുകള്‍. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമാണെന്ന് ദിലീഷ് പോത്തന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം മോഹന്‍ലാല്‍ നായകനാവുന്ന ഒന്ന് തന്നെയാണെന്നാണ് ഇതിനകം പുറത്തെത്തിയ വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.



