‘കമ്മ്യൂണിസം നിലനിൽക്കുന്നില്ലെന്ന വാദം തെറ്റ്’; നിയമസഭയിൽ ഭരണകക്ഷി എംഎൽഎയ്ക്ക് ജി സുധാകരന്റെ മറുപടി

ലോകത്ത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ നിലനിൽക്കുന്നില്ലെന്ന ഭരണകക്ഷി എം.എൽ.എയുടെ വാദത്തെ നിയമസഭയിൽ ശക്തമായി തിരുത്തി ജി. സുധാകരൻ. ബജറ്റ് ചർച്ചയ്ക്കിടെ മുസ്ലിം ലീഗ് പ്രതിനിധി എം. റഹ്മത്തുള്ള ഉന്നയിച്ച ചോദ്യങ്ങൾക്കാണ് സുധാകരൻ മറുപടി നൽകിയത്. കമ്മ്യൂണിസം നിലനിൽക്കുന്നില്ല എന്ന വാദം തെറ്റാണ് എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ചൈന ഉൾപ്പെടെ അഞ്ചോളം രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണമുണ്ടെന്നും തെറ്റായ വിവരങ്ങൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു റഹ്മത്തുള്ളയുടെ പ്രതികരണം. ബജറ്റുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ പ്രതിപക്ഷത്തെ റഹ്മത്തുള്ള വിമർശിച്ചു. ബജറ്റിനെ കുറിച്ച് അപ്പുറത്തിരിക്കുന്നവർക്ക് മനസിലാകില്ലെന്ന് റഹ്മത്തുള്ള പറഞ്ഞു. അവർ ഏതോ കാലത്ത് ജീവിക്കുന്നവരാണ്. പല അംഗങ്ങളും സഭയിൽ നടത്തിയ പ്രസംഗം കേട്ടതാണ്. എന്തൊക്കെ താത്വികമായ വിശകലനങ്ങളായിരുന്നു ഇവിടെ നടന്നത്. മുതലാളിത്തം കടന്നുവരുന്നതിനെക്കുറിച്ചും ഫിനാൻസ് കാപിറ്റലിനെക്കുറിച്ചും അതിന്റെ അപകടത്തെക്കുറിച്ചുമെല്ലാം ഇവിടെ സംസാരിച്ചു. ഇത്രയുമൊക്കെ അറിയുന്ന ആളുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യവും ഇന്ന് നിലനിൽക്കാത്തത് എന്ന് താൻ സങ്കടത്തോടെ ചിന്തിച്ചു എന്നും റഹ്മത്തുള്ള പപറഞ്ഞു. ഇതിനിടെയാണ് സുധാകരൻ ഇടപെട്ടത്.
കമ്മ്യൂണിസം നിലനിൽക്കുന്നില്ല എന്നത് തെറ്റാണെന്ന് സുധാകരൻ പറഞ്ഞു. ചൈനയിൽ അടക്കം അഞ്ച് രാജ്യങ്ങളിൽ കമ്മ്യൂണിസം നിലനിൽക്കുന്നുണ്ട്. എംഎൽഎ തിരുത്തണമെന്ന് ജി സുധാകരൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ താൻ വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണെന്ന് റഹ്മത്തുള്ള പറഞ്ഞു. കമ്മ്യൂണിസ്റ്റ് എന്ന പേരിൽ അറിയപ്പെട്ടുന്ന രാജ്യങ്ങൾ ലോകത്ത് പലതുമുണ്ടെന്ന് താൻ അംഗീകരിക്കുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് തന്റെ നിലപാട് ആവർത്തിക്കുന്നു. തർക്കത്തിലേക്ക് പോകുന്നില്ലെന്നും റഹ്മത്തുള്ള കൂട്ടിച്ചേർത്തു.



