അശ്വന്ത് കോക്കിനെതിരെ നിയമനടപടിയുമായി ഫിലിം ചേമ്പർ

സിനിമ റിവ്യൂവിലൂടെയുള്ള മോണിറ്റൈസേഷൻ (പണം സമ്പാദിക്കൽ) പൂർണ്ണമായും നിരോധിക്കണമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്. ഇതിനായി പ്രത്യേക നിയമനിർമാണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും, പ്രമുഖ യൂട്യൂബ് റിവ്യുവർ അശ്വന്ത് കോക്കിനെതിരെയുള്ള പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകളെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. റിവ്യൂകളും റേറ്റിങ്ങുകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു നിർമാതാവിന്റെ കണ്ടന്റ് ഉപയോഗിച്ച് മറ്റുചിലർ പണം ഉണ്ടാക്കുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകും. തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ വെല്ലുവിളിക്കുകയാണ് അശ്വന്ത് കോക്ക്. കോക്കിനെതിരെ പരാതിയുമായി മുന്നോട്ടുപോകും. സൈബർ അറ്റാക്കാണ് ഉണ്ടായതെന്നും അനിൽ തോമസ് പറഞ്ഞു. സിനിമയുടെ റേറ്റിംഗ് ഉയർത്താൻ വേണ്ടി ഇടനിലക്കാർ പണം ആവശ്യപ്പെട്ട അനുഭവം മുൻപ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



