‘ഇന്ത്യൻ പൗരത്വം നൽകാമെന്ന് പറഞ്ഞു, പക്ഷെ എനിക്ക് വേണ്ട’; തന്നെ തേടിയെത്തിയ വലിയ വാഗ്ദാനങ്ങളെക്കുറിച്ച് റാഷിദ് ഖാൻ

ലോകക്രിക്കറ്റിലെ മുൻനിര സ്പിന്നർമാരിലൊരാളായ റാഷിദ് ഖാൻ തന്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനോടുള്ള സ്നേഹം വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും റാഷിദ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡം’ എന്ന പുസ്തകത്തിലൂടെയാണ് ഈ വെളിപ്പെടുത്തൽ.
2023-ലെ ഐപിഎൽ സീസണിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ കണ്ടതെന്നു റാഷിദ് പറയുന്നു… ‘അഫ്ഗാനിസ്ഥാനിലെ സാഹചര്യം വളരെ മോശമാണ്, അതിനാൽ ഇന്ത്യയിൽ തന്നെ താമസിച്ച് ഇവിടെ കളിച്ചുകൂടേ’ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ രേഖകൾ നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ചിരിച്ചുകൊണ്ട് താൻ ആ ക്ഷണം നിരസിച്ചുവെന്നും തന്റെ രാജ്യം അഫ്ഗാനിസ്ഥാനാണെന്ന് വ്യക്തമാക്കിയെന്നും റാഷിദ് പുസ്തകത്തിൽ കുറിക്കുന്നു. സമാനമായ വാഗ്ദാനങ്ങൾ ഓസ്ട്രേലിയയിൽ നിന്നും തനിക്ക് ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
നേരത്തെ 2018-ൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ റാഷിദ് ഖാന്റെ തകർപ്പൻ പ്രകടനത്തിൽ ആവേശഭരിതരായ ഇന്ത്യൻ ആരാധകർ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ക്യാംപെയ്ൻ നടത്തിയിരുന്നു. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഈ പോസ്റ്റുകൾ. ഇതേത്തുടർന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി നേരിട്ട് ഇടപെടുകയും റാഷിദ് ഖാൻ തങ്ങളുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
നങ്ങർഹാറിലെ പൊടിപിടിച്ച തെരുവുകളിൽ നിന്ന് ലോകം അറിയപ്പെടുന്ന ക്രിക്കറ്ററായി മാറിയ റാഷിദ് ഖാന്റെ ജീവിതം ഇന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ തന്നെ വളർച്ചയുടെ അടയാളമാണ്. 2020ലെ ഐസിസി പ്ലെയർ ഓഫ് ദി ഡെക്കേഡ് പുരസ്‌കാരം സ്വന്തമാക്കിയ റാഷിദ്, എത്ര വലിയ വാഗ്ദാനങ്ങൾ ലഭിച്ചാലും അഫ്ഗാനിസ്ഥാൻ ജേഴ്‌സിയിൽ തുടരുമെന്ന ഉറച്ച നിലപാടിലാണ്.



