തണ്ണിമത്തനും ബിരിയാണിയും കഴിച്ചതിന് പിന്നാലെ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മരിച്ചവരിലൊരാളുടെ ശരീരത്തിൽ..

മുംബൈയിലെ പൈധുനിയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം അന്വേഷണത്തിൽ വഴിത്തിരിവ്. ആദ്യം തണ്ണിമത്തനും ബിരിയാണിയും കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയെന്നാണ് കരുതിയിരുന്നതെങ്കിലും ഇപ്പോൾ സംഭവം വിഷപ്രയോഗമാണെന്ന സംശയമാണ് ശക്തമാകുന്നത്. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രാഥമിക നിഗമനത്തിൽ മാറ്റമുണ്ടായത്.

മരിച്ചവരിൽ ഒരാളുടെ ശരീരത്തിൽ മോർഫിൻ എന്ന വേദനസംഹാരിയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. കൂടാതെ മൃതദേഹങ്ങളുടെ ആന്തരികാവയവങ്ങൾക്ക് അസാധാരണമായ പച്ചനിറം ഉണ്ടായിരുന്നതും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ വിഷാംശം പ്രവേശിച്ചതാകാം ഇത്തരത്തിലുള്ള നിറമാറ്റത്തിന് കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഇതിനിടെ, മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വീട്ടിൽ നിന്ന് ശേഖരിച്ച തണ്ണിമത്തൻ, ബിരിയാണി, വെള്ളം, അരി, മാംസം തുടങ്ങിയ 11 ഓളം ഭക്ഷണസാമ്പിളുകൾ പരിശോധിച്ചെങ്കിലും അവയിൽ വിഷാംശമോ ഗുണനിലവാര പ്രശ്നങ്ങളോ കണ്ടെത്താനായിട്ടില്ല. തണ്ണിമത്തൻ കേടായതുകൊണ്ട് മാത്രം ഇത്തരത്തിൽ വേഗത്തിൽ മരണം സംഭവിക്കാനിടയില്ലെന്നും ഡോക്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

40 വയസ്സുകാരനായ അബ്ദുള്ള ദൊക്കാർഡിയ, 35 വയസ്സുള്ള ഭാര്യ നസ്രീൻ ദൊക്കാർഡിയ, മക്കളായ അയിഷ (16), സെയിനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെയോടെ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് നാലുപേരും മരണപ്പെട്ടത്.

കൃത്യമായ മരണകാരണം കണ്ടെത്താൻ കലിന ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള വിശദമായ ടോക്സിക്കോളജി റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. നിലവിൽ മുംബൈ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

Related Articles

Back to top button