ഭൂരിപക്ഷവും ഔദ്യോഗിക വാഹനത്തിനും ഒരേ നമ്പർ, വി ഡി സതീശൻ മന്ത്രിസഭയിലെ ‘സർപ്രൈസ് ബേബി’ക്കും സർപ്രൈസ്

ഇടതുകോട്ടയായിരുന്ന കൊടുങ്ങല്ലൂർ മണ്ഡലം തിരിച്ചുപിടിച്ച് മന്ത്രി സഭയിൽ ഇടം നേടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന് ലഭിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പറിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഒ.ജെ. ജനീഷിന് അനുവദിച്ച പത്താം നമ്പർ സ്റ്റേറ്റ് കാറിന്റെ നമ്പറും കൊടുങ്ങല്ലൂരിൽ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷവും ഒരേ അക്കങ്ങളാണ്. കെ.എൽ. 01 സി.ബി. 8308 എന്നതാണ് പത്താം നമ്പർ സ്റ്റേറ്റ് കാറിന്റേത്. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജനീഷ് ഇടതുകോട്ട പിടിച്ചെടുത്തത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23893 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ മണ്ഡലമാണ് കൊടുങ്ങല്ലൂർ. എന്നാൽ ഇത്തവണ ജനീഷ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ഈ കടുത്ത പോരാട്ടത്തിൽ ജനീഷ് നേടിയ ഭൂരിപക്ഷം 8308 വോട്ടുകളായിരുന്നു. ഈ വിജയ ഭൂരിപക്ഷത്തിന്റെ അതേ സംഖ്യ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ച മന്ത്രി വാഹനത്തിന്റെ നമ്പറായി വന്നിരിക്കുന്നത്.

മുപ്പത്തിയെട്ടുകാരനാണ് വി ഡി സതീശൻ മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരനായ ഒ ജെ ജനീഷ് . തൊഴിലുറപ്പ് തൊഴിലാളിയുടെ മകനായി വളർന്ന ജനീഷ് പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇൻറർനെറ്റ് കഫേയിലെ തൊഴിലാളിയായും ജോലി ചെയ്താണ് പഠനം പൂർത്തിയാക്കിയത്. ജീവിതത്തോട് പടവെട്ടി കയറിവന്നവന് കിട്ടുന്ന അംഗീകാരം കൂടിയാണ് ജനീഷിൻറെ മന്ത്രി പദം. മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ അവസാന നിമിഷത്തെ സർപ്രൈസ് എൻട്രിയായാണ് ജനീഷ് എത്തിയത്. ഹൈക്കമാൻഡിൻറെ കൂടി നിർദ്ദേശത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷന് മന്ത്രി പദവി ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്.

Related Articles

Back to top button