ദേശീയപാത 66 തകർച്ച… പൊതുമരാമത്ത് സെക്രട്ടറിയോട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ്…
ദേശീയപാത 66 തകർന്നതിൽ പൊതമരാമത്ത് സെക്രട്ടറിയുടെ അന്വേഷണം ആവശ്യപ്പെട്ട് നിർദേശം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശം നൽകി. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും.
അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടർ യോഗം വിളിച്ചിരുന്നു. എൻഎച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നൽകി. മഴയെ തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സ്വതന്ത്ര വിദഗ്‌ധ സംഘത്തെ എൻഎച്ച്എഐ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നാളെ സ്ഥലം സന്ദർശിക്കുമെന്നും നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.