ഇത്തവണ സിസിടിവി ചതിച്ചു; ഷോറൂമിൽ ഡിസ്പ്ലേ ചെയ്ത ബൈക്ക് മോഷ്ടിച്ചയാൾ..

മാവൂർ റോഡ് പരിസരത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിലിനെ(29) യാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 18ാം തിയ്യതി മാവൂർ റോഡിലെ സെൽഫോണിക്സ് മൊബൈൽ സർവീസ് സെന്ററിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ആക്സസ് സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്.
ഗുരുവായൂരപ്പൻ കോളേജ് സ്വദേശിയായ യുവാവിന്റെ സ്കൂട്ടറാണ് അഖിൽ മോഷ്ടിച്ചത്. യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കസബ പോലീസ് സംഭവ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലേയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പുല്ലാളൂരിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഖിലിനെ കോടതിയിൽ ഹാജരാക്കി.
2018ൽ എടപ്പാളിലുള്ള കെവിആർ ബൈക്ക് ഷോറൂമിൽ ഡിസ്പ്ലെ ചെയ്ത പൾസർ-220 ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. 2019ൽ കുന്ദമംഗലം എൻഐടിക്ക് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും അടക്കം ഒട്ടേറെ കേസുകളും ഇയാൾക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.



