നേതാക്കളെല്ലാം മന്ത്രിമാരും എംഎൽഎമാരുമായി; കോൺഗ്രസ് സംഘടനാ പ്രവർത്തനം നിർജ്ജീവം

സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് പിന്നാലെ സംഘടനാതലത്തിൽ കോൺഗ്രസ് നേരിടുന്നത് ഗുരുതര പ്രതിസന്ധി. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമാണ് ഇപ്പോൾ വെല്ലുവിളിയാകുന്നത്. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസഭയിൽ അംഗങ്ങളായതോടെ പാർട്ടി നേതൃത്വം നിർജ്ജീവമായിരിക്കുകയാണ്. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആരുമില്ലാത്ത സാഹചര്യമാണുള്ളത്.
സണ്ണി ജോസഫിന് മന്ത്രിസ്ഥാനത്തിന്റെ തിരക്കുകൾ കാരണം പാർട്ടി പ്രവർത്തനങ്ങൾക്ക് ആവശ്യമായ സമയം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്. പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ നിയമിക്കണമെന്ന ആവശ്യം അദ്ദേഹം തന്നെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെ.പി.സി.സി. ഭാരവാഹികളുടേയോ രാഷ്ട്രീയകാര്യ സമിതിയുടേയോ യോഗം ഇതുവരെ ചേർന്നിട്ടില്ല. അതേസമയം, സർക്കാർ മാറിയ സാഹചര്യത്തിൽ വിവിധ ബോർഡുകൾ, കമ്മിഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ പുതിയ നിയമനങ്ങൾ അടിയന്തരമായി നടത്തേണ്ടതുണ്ട്. ഘടകകക്ഷികൾക്കും യോജിച്ച പ്രാതിനിധ്യം ഉറപ്പാക്കാൻ സ്ഥാനവിഭജന ചർച്ചകളും ആരംഭിക്കേണ്ടതുണ്ട്.



