സർവകലാശാലകളിൽ സ്ഥിരം വി.സി. നിയമനത്തിനൊരുങ്ങി ഗവർണർ; സിൻഡിക്കേറ്റ് പുനഃസംഘടന നിർണായകം

സർക്കാരുമായുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ (വി.സി.) നിയമിക്കാനുള്ള നീക്കങ്ങളുമായി രാജ്ഭവൻ മുന്നോട്ട്. ഭരണമാറ്റത്തിന് പിന്നാലെ സർവകലാശാലകളിലെ സിൻഡിക്കേറ്റുകളുടെ പുനഃസംഘടന ഉടൻ പൂർത്തിയാകുമെന്നാണ് രാജ്ഭവന്റെ പ്രതീക്ഷ. ഇതേത്തുടർന്ന് സ്ഥിരം നിയമന നടപടികളിലേക്ക് കടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ കാലിക്കറ്റ്, ആരോഗ്യം, ഡിജിറ്റൽ, കെ.ടി.യു. എന്നീ നാല് സർവകലാശാലകളിൽ മാത്രമാണ് സ്ഥിരം വി.സി.മാരുള്ളത്. നിയമസർവകലാശാലയിലെ നിയമനാധികാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിനായതിനാൽ, അവശേഷിക്കുന്ന മറ്റ് സർവകലാശാലകളിലാണ് ചാൻസലർ കൂടിയായ ഗവർണർ നിയമനം നടത്തേണ്ടത്.
മന്ത്രിയുമായി ചർച്ച; പ്രതീക്ഷയോടെ രാജ്ഭവൻ
മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ സ്ഥിരം വി.സി. നിയമനത്തിൽ ധാരണയിലെത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് രാജ്ഭവന്റെ കണക്കുകൂട്ടൽ. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്ദർശിച്ച വേളയിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എം.ജി., കാർഷിക സർവകലാശാലകളിലെ വി.സി. നിയമനങ്ങൾ നിലവിൽ വിവാദത്തിലാണെങ്കിലും, അവ താല്ക്കാലിക ചുമതലകൾ മാത്രമാണെന്നും സർക്കാരുമായി ആലോചിച്ച് ഉടൻ സ്ഥിരം നിയമനം നടത്തുമെന്നുമാണ് രാജ്ഭവന്റെ നിലപാട്.
യു.ജി.സി. മാനദണ്ഡങ്ങളും തടസ്സങ്ങളും
യു.ജി.സി. ചട്ടപ്രകാരം വി.സി.യെ തിരഞ്ഞെടുക്കാൻ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്.
സർവകലാശാലാ പ്രതിനിധിയെ അതത് സെനറ്റുകൾ തിരഞ്ഞെടുത്ത് ഗവർണർക്ക് നൽകണം. ചാൻസലറുടെ പ്രതിനിധിയെ സർക്കാരുമായി കൂടിയാലോചിച്ച് നിശ്ചയിക്കുന്നതാണ് കീഴ്വഴക്കമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് എങ്ങനെ വേണമെന്നതിൽ വ്യക്തത വന്നിട്ടില്ല. കൂടാതെ, മുൻ സർക്കാരിന്റെ കാലത്തെ സിൻഡിക്കേറ്റുകൾ പുനഃസംഘടിപ്പിക്കാതെ വി.സി. നിയമനവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന പ്രതിസന്ധിയും സർക്കാരിന് മുന്നിലുണ്ട്.



