ഡൽഹിയിൽ എത്തിയ കെ.സി. വേണുഗോപാലിന് പ്രവർത്തകരുടെ വൻ സ്വീകരണം…. ഖർഗെയുടെ വസതിയിൽ നിർണായക യോഗം

കേരളത്തിലെ ഭരണമാറ്റത്തിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ സജീവമായി. ഡൽഹിയിലെത്തിയ കെ.സി. വേണുഗോപാലിന് വിമാനത്താവളത്തിൽ പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും യുഡിഎഫിലുള്ള വിശ്വാസമാണ് ഈ വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സി. വേണുഗോപാൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, സണ്ണി ജോസഫ്, എൻ. ശക്തൻ എന്നിവരെ കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കുന്നുണ്ട്. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ എന്നിവർക്കും സാധ്യതയുണ്ട്. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരെയും ലത്തീൻ പ്രതിനിധികളായി ടി.ജെ. വിനോദ് അല്ലെങ്കിൽ എം. വിൻസന്റ് എന്നിവരെയും പരിഗണിക്കുന്നു.
യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും ഒരു കാബിനറ്റ് പദവിയും ലഭിക്കാനാണ് സാധ്യത. പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കും. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള, കല്ലട്ര മായിൻഹാജി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ ഉയരുന്നത്. എന്നാൽ മുന്നണിയിൽ യാതൊരുവിധ പ്രതിസന്ധിയും ഉണ്ടാക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതിപക്ഷ നിരയെ ആര് നയിക്കുമെന്ന കാര്യത്തിലും വ്യക്തത വരും.



