സജി ചെറിയാന്‍, എച്ച്. സലാം ഇവര്‍ കാരണമാണ് ഞാന്‍ പാര്‍ട്ടി വിട്ടത്… ജി. സുധാകരൻ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ജില്ലാ സെക്രട്ടറി ആർ. നാസർ ജനങ്ങളിൽ നിന്ന് നൂറുശതമാനവും ഒറ്റപ്പെട്ട നേതാവാണെന്നും, തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടികളുടെ വ്യാപ്തിയും കാരണങ്ങളും തിരിച്ചറിയാനുള്ള ബൗദ്ധികമായ കഴിവോ കായികക്ഷമതയോ നിലവിലെ ജില്ലാ നേതൃത്വത്തിന് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടി നേതൃത്വം കയ്യടക്കിയത് കൊണ്ടാണ് താൻ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയതെന്നും ജി. സുധാകരൻ പറഞ്ഞു.
ആലപ്പുഴയിലെ ജനങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ട വ്യക്തിയാണ് ജില്ലാ സെക്രട്ടറി ആർ. നാസർ എന്ന് സുധാകരൻ കുറ്റപ്പെടുത്തി. അദ്ദേഹം നയിക്കുന്ന കമ്മിറ്റിക്കും ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനബന്ധം എന്താണെന്ന് വിലയിരുത്താനോ, അത് തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കാനോ ഉള്ള ബൗദ്ധിക ശേഷിയോ കായികക്ഷമതയോ ജില്ലാ സെക്രട്ടറിക്കോ ഒപ്പമുള്ള സംഘത്തിനോ ഇല്ല. സ്വന്തം പാർട്ടിയെ കൂടുതൽ കുഴിയിലാക്കാതെ നോക്കാനെങ്കിലും ജില്ലാ സെക്രട്ടറി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.



