ഹണിമൂൺ ആഘോഷത്തിനായി പോയി.. കുപ്രസിദ്ധ മേഖലയിൽ ബിസിനസുകാരനേയും ഭാര്യയേയും കാണാതായി.. ദുരൂഹത…
ഹണിമൂൺ ആഘോഷത്തിനായി മേഘാലയയിലേക്ക് പോയ യുവ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.നവദമ്പതിമാരെ കാണാതായിട്ട് 6 ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല.മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ നവ ദമ്പതികൾ രാജയും സോനം രഘുവംശിയുമാണ് ഘാസി മല നിരകളിൽ കാണാതായത്. ആറ് ദിവസമായി ഇവർക്കായുള്ള പ്രതീക്ഷയിലാണ് ഇരു കുടുംബങ്ങളുമുള്ളത്. എന്നാൽ അപകടകരമായ ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളും കുറ്റകൃത്യങ്ങളും പതിവായ മേഖലയിൽ വച്ചാണ് ഇവരെ കാണാതായിരിക്കുന്നതെന്നാണ് വീട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുള്ളത്.
ദമ്പതികളേക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികമാണ് കുടുംബങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയുമായി ചൊവ്വാഴ്ച ദമ്പതികളെ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗതാഗത രംഗത്തെ വ്യവസായിയാണ് 30കാരനായ രാജ. ആഴ്ചകൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. മെയ് 20 നാണ് ദമ്പതികൾ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടത്. വടക്ക് കിഴക്കൻ സംസ്ഥാനത്തിന്റെ ഭംഗി ആസ്വദിക്കാനായി ഗുവാഹത്തിയിലെത്തി രണ്ടാം നാൾ ഇവർ ഷില്ലോംഗിലേക്ക് പോവുകയായിരുന്നു. മെയ് 23നാണ് അവസാനമായി കുടുംബം ദമ്പതികളോട് സംസാരിച്ചത്. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ സംഘങ്ങൾ നിരവധിയുള്ള മേഖലയാണ് ഇവിടം. തെരച്ചിലിൽ ദമ്പതികളുടെ ബാഗുകൾ ഒളിപ്പിച്ച നിലയിൽ പരിസരത്തെ കുറ്റിക്കാടുകളിൽ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയേയും ചെങ്കുത്തായ മലനിരകളേയും അവഗണിച്ച് അൻപതംഗം സംഘമാണ് യുവദമ്പതികൾക്കായുള്ള തെരച്ചിൽ നടത്തുന്നത്.



