ആലപ്പുഴയിൽ യുവതി മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം…. ഭർത്താവ് മാവേലിക്കര സ്വദേശി പിടിയിൽ

ആലപ്പുഴ: തിരുവൻവണ്ടൂർ സ്വദേശിനിയായ യുവതി മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. കണ്ണമംഗലം സ്വദേശിയായ രഞ്ചു ബി പിള്ള (38) യെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. നിരന്തരമായ ഗാർഹിക പീഡനങ്ങളെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് പോലീസ് നടപടി.

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതി കഴിഞ്ഞ ഏപ്രിൽ 26-നാണ് പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് ചാടിയത്. സംഭവദിവസം ഭർതൃഗൃഹത്തിൽ നിന്നും ജോലിക്ക് പോകാനായി ഇറങ്ങിയതായിരുന്നു യുവതി. തുടർന്ന് പ്രൈവറ്റ് ബസ്സിൽ കയറി പുളിക്കീഴ് പാലത്തിൽ എത്തിയപ്പോഴാണ് ഇവർ ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് മാവേലിക്കര പൊലീസ് ആദ്യം മിസ്സിങ് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ മേയ് ഒന്നിന് യുവതിയുടെ മൃതദേഹം മണിമലയാറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതോടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. യുവതിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് നടത്തിയ ആഴത്തിലുള്ള അന്വേഷണത്തിലാണ് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ ഗാർഹിക പീഡനങ്ങളെക്കുറിച്ച് പോലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചത്. ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ് യുവതി ആറ്റിൽ ചാടിയതെന്ന് ഉറപ്പായതോടെ, കേസിൽ നേരത്തെ ചുമത്തിയ വകുപ്പുകൾ മാറ്റി ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെ ചുമത്തി ഭർത്താവ് രഞ്ചുവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button