താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുത്… ജി സുകുമാരൻ നായർക്കെതിരെ ഉപരാഷ്ട്രപതി

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിട്ട് ലക്ഷ്യമിട്ട് കടുത്ത വിമർശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മന്നം സ്മൃതി എന്നത് എല്ലാവർക്കുമുള്ള ഇടമാണെന്നും, ‘താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത്’ എന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും ഉപരാഷ്ട്രപതി തുറന്നടിച്ചു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

ഡൽഹിയിലെ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദ്വാരകയിലാണ് മന്നം സ്മൃതി മണ്ഡപം നിർമിച്ചത്. ഈ സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ രംഗത്തെത്തിയത്. ഇന്നയാൾ വരേണ്ട, ഇന്നയാൾ വരണം എന്ന് താൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും ഉണ്ടാകാൻ പാടില്ലെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. ഉപരാഷ്ട്രപതിക്ക് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ ഉയർന്നുവന്ന ഈ കടുത്ത വിമർശനങ്ങളോട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരിയിൽ എത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് എൻഎസ്എസ് നേതൃത്വം അനുമതി നൽകിയിരുന്നില്ല. ഉപരാഷ്ട്രപതിയുടെ സുരക്ഷാക്രമീകരണങ്ങൾ സമാധിയിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അനുമതി നിഷേധിച്ചത്. മുൻപ് പെരുന്നയിലെ മന്നം സമാധിയിൽ തനിക്കും പുഷ്പാർച്ചന നിഷേധിച്ചെന്ന് പരാതിപ്പെട്ട പശ്ചിമബംഗാൾ മുൻ ഗവർണർ സി വി ആനന്ദബോസിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഇപ്പോൾ ഡൽഹിയിൽ മന്നം സ്മൃതിമണ്ഡപം നിർമ്മിച്ചിരിക്കുന്നത്.

Related Articles

Back to top button