ആലപ്പുഴയിൽ സഹോദരങ്ങളെ കാണാൻ പോയ ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തിവെച്ച് ഭീഷണി.. ഭർത്താവ് അറസ്റ്റിൽ…
ആലപ്പുഴ: സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിന് ഭാര്യയ്ക്ക് നേരെ കൊലവിളി നടത്തിയ ഭർത്താവ് അറസ്റ്റിൽ. ആലിശ്ശേരി വാർഡിൽ ചിറയിൽവീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു. ഭാര്യയുടെ പരാതിയിൽ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നസീറിന്റെ ഭാര്യ ഷക്കീല കൂലിപ്പണിക്കാരിയാണ്. വീട്ടിൽപ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്ന് ജോലിക്ക് പോകുന്നതിനു മുൻപ് ഷക്കീല മകനോട് പറഞ്ഞിരുന്നു. ഇത് നസീർ കേട്ടിരുന്നു. നിർമാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീർ, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിൽവെച്ച് ഭീഷണി മുഴക്കി. അസഭ്യം പറയുകയും വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയും ചെയ്തു.
ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ ഷക്കീല പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീർ.ഇതിനിടെയാണ് പിടിയിലായത്.