ഒരാൾക്ക് ദിവസത്തിൽ എത്ര പഞ്ചസാര സുരക്ഷിതമായി കഴിക്കാം? ഡോക്ടർമാരുടെ മുന്നറിയിപ്പ്

നമ്മുടെ ദൈനംദിന ജീവിതത്തിൽ മധുരം ഒരു ചെറിയ ശീലമായി തോന്നാം. പക്ഷേ രാവിലെ ചായയിൽ നിന്ന് തുടങ്ങി വൈകുന്നേരം വരെ തുടരുന്ന ഈ ചെറിയ ചേർക്കലുകൾ ചേർന്ന് ശരീരത്തിലേക്ക് വലിയ അളവിൽ പഞ്ചസാര എത്തിക്കുകയാണ്. നിയന്ത്രണമില്ലാത്ത മധുരശീലം ദീർഘകാലത്ത് ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മധുരം വിഷമായി മാറുമോ
അധിക പഞ്ചസാര ഉപയോഗം ശരീരത്തിൽ കൊഴുപ്പ് വർധിപ്പിക്കുകയും ദീർഘകാലത്ത് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. അതോടൊപ്പം ചർമ്മത്തിൽ ചുളിവുകൾ, അകാല വാർധക്യം തുടങ്ങിയവയും ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.
ഒരു ദിവസം എത്ര മധുരം സുരക്ഷിതം?
ലോകാരോഗ്യ സംഘടനയായ WHO നൽകുന്ന നിർദേശങ്ങൾ പ്രകാരം:
മൊത്തം കലോറിയുടെ 10%ൽ താഴെ പഞ്ചസാര വേണം
മികച്ച ആരോഗ്യത്തിനായി 5% വരെ (ഏകദേശം 25 ഗ്രാം / 6 ടീസ്പൂൺ) മാത്രമാണ് അനുയോജ്യം
ഈ പരിധിക്കുള്ളിൽ മധുരം നിയന്ത്രിക്കുന്നത് അമിതവണ്ണം, പ്രമേഹം, ദന്തപ്രശ്നങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്ത പരിധികൾ—
വിദഗ്ധരുടെ അഭിപ്രായത്തിൽ:
സ്ത്രീകൾ: ഏകദേശം 25 ഗ്രാം
പുരുഷന്മാർ: 30–36 ഗ്രാം വരെ
ഇന്ത്യൻ സാഹചര്യത്തിൽ പല റിപ്പോർട്ടുകളും ദിനംപ്രതി 20–25 ഗ്രാം മധുരം മതിയെന്നാണ് സൂചിപ്പിക്കുന്നത്.
മറഞ്ഞിരിക്കുന്ന പഞ്ചസാരയാണ് യഥാർത്ഥ ഭീഷണി—
മധുരപലഹാരങ്ങളിൽ മാത്രം അല്ല, പഞ്ചസാര അടങ്ങിയിരിക്കുന്നത്, ശീതളപാനീയങ്ങൾ, പാക്കറ്റ് ജ്യൂസുകൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു സോഫ്റ്റ് ഡ്രിങ്കിൽ തന്നെ ശുപാർശ ചെയ്ത ദിനപരിധിയേക്കാൾ കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കാമെന്ന് വിദഗ്ധർ പറയുന്നു.
അധിക മധുരം എന്നാൽ മന്ദഗതിയിലുള്ള അപകടം—
പഞ്ചസാര പൂർണ്ണമായും ഒഴിവാക്കേണ്ടതല്ലെങ്കിലും നിയന്ത്രണം അനിവാര്യമാണ്. അളവ് കുറയ്ക്കുകയും പ്രോസസ്സ് ചെയ്ത ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നത് ദീർഘകാല ആരോഗ്യത്തിന് വലിയ സംരക്ഷണമാകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മധുരം നിയന്ത്രിച്ചാൽ ആരോഗ്യവും നിയന്ത്രണത്തിലാകും.



