‘ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യം…. നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും’…. കെ.സി. വേണുഗോപാൽ

ആലപ്പുഴ: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായല്ലോയെന്ന ചോദ്യത്തോട് പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം, പുതിയ മന്ത്രിസഭയിൽ ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യമുണ്ടാകുമെന്നും ജില്ലയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും ഉറപ്പുനൽകി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമായിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കുന്ന മികച്ച ഒരു മന്ത്രിസഭയായിരിക്കും അധികാരത്തിൽ വരികയെന്നും ഇതിൽ ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് നടക്കുന്ന ബോധപൂർവമായ രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. “തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ കുറ്റപ്പെടുത്തുന്നത് നാട്ടിൽ സാമുദായിക സ്‌പർധ വളർത്താൻ വേണ്ടിയാണ്. ഇതിനു പിന്നിൽ നല്ല ഉദ്ദേശ്യമല്ല ഉള്ളത്. പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മാത്രമേ യു.ഡി.എഫ് മുന്നോട്ട് പോകൂ. മുന്നണിയിലെ ഐക്യം തകർക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ല, ഘടകകക്ഷികളെ ചേർത്തുപിടിക്കും.” – കെ.സി. വേണുഗോപാൽ.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ‘യോഗനാദം’ എഡിറ്റോറിയലുമായി ബന്ധപ്പെട്ട ചോദ്യത്തിനും കെ.സി വേണുഗോപാൽ മറുപടി നൽകി. വർഗീയത പടർത്തുന്ന രീതിയിൽ വിഷം ചീറ്റുന്ന പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്തരം വർഗീയ ചിന്തകൾക്ക് വളരാനുള്ള മണ്ണല്ല കേരളമെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button