കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, സതീശന് കിടിലൻ ഐഡിയ നൽകി തോമസ് ഐസക്.,.

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് വൻ ഐഡിയ നൽകി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കേരളത്തിലെ പുതിയ സർക്കാർ ജൂൺ 15-ഓടെ സ്ത്രീകൾക്കെങ്കിലും ബസ് യാത്ര സൗജന്യമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രകൾ സൗജന്യമാക്കുന്നത് ഒരു തമാശയല്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ളതും നടപ്പാക്കിയതുമായ പദ്ധതികൾ ഉദാഹരണമായി നിരത്തി. ഓസ്ട്രേലിയയിലെ വിക്ടോറിയ, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങൾ മാർച്ച് മാസത്തിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കിയിരുന്നു. സ്പെയിൻ ട്രെയിൻ യാത്ര സൗജന്യമാക്കിയപ്പോൾ, ലക്സംബർഗ്, മാൾട്ട എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ട്രെയിൻ, ബസ്, ട്രാം എന്നിവ പൂർണ്ണമായും സൗജന്യമാണ്. കൂടാതെ ന്യൂയോർക്കിലും ബസ് യാത്ര സൗജന്യമാക്കാനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇന്ത്യയിൽ നിലവിൽ കർണ്ണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നുണ്ടെന്നും ഇതിനായി വലിയ തുക അവർ പ്രതിമാസം ചെലവഴിക്കുന്നുണ്ടെന്നും ഐസക് ചൂണ്ടിക്കാണിക്കുന്നു. കർണ്ണാടക 330 മുതൽ 360 കോടി രൂപ വരെയും, തെലങ്കാന 280-300 കോടിയും, തമിഴ്നാട് 200-220 കോടിയും, ആന്ധ്രാപ്രദേശ് 162-243 കോടിയും, പഞ്ചാബ് 50 കോടി രൂപയും പ്രതിമാസം ഇതിനായി ചെലവിടുന്നുണ്ട്.കേരളത്തിൽ ഈ പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും അദ്ദേഹം കണക്കുകൂട്ടി അവതരിപ്പിച്ചു. കെഎസ്ആർടിസിയിലെ ടിക്കറ്റ് വരുമാനത്തിന്‍റെ പകുതി സബ്സിഡിയായി നൽകിയാൽ പ്രതിദിനം രണ്ട് കോടി രൂപ ചെലവ് വരും. എന്നാൽ, പദ്ധതി വരുമ്പോൾ സ്വകാര്യ ബസുകളിലെ വനിതാ യാത്രക്കാരും കെഎസ്ആർടിസിയിലേക്ക് മാറാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പ്രതിദിന ചെലവ് 2.5 മുതൽ 2.75 കോടി രൂപ വരെയായി ഉയർന്നേക്കാം. അതായത് പ്രതിമാസം 75 മുതൽ 82 കോടി രൂപ വരെ ഇതിനായി മാത്രം കണ്ടെത്തേണ്ടി വരും.

Related Articles

Back to top button